22 December Sunday

ശബരിമല തീർഥാടനം ; സർക്കാരിന്‌ അഭിനന്ദനവുമായി എൻഎസ്എസ്

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


ചങ്ങനാശേരി
ശബരിമല തീർഥാടനം സുഗമവും കുറ്റമറ്റതുമാക്കാൻ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും നടത്തുന്ന ആത്മാർഥ ശ്രമങ്ങൾക്ക്‌ എൻഎസ്‌എസിന്റെ അഭിനന്ദനം. സ്‌പോട്ട്‌ ബുക്കിങ്ങിന്റെ കാര്യത്തിലെ ആശയക്കുഴപ്പം സർക്കാർ വേണ്ടസമയത്ത് പരിഹരിച്ചത് അതിന് ഉദാഹരണമാണെന്നും  മുഖമാസികയായ ‘സർവീസി’ൽ എഴുതിയ മുഖപ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.  എല്ലാ വിഭാഗങ്ങളിലുമുള്ളവർ എത്തുന്ന പുണ്യസങ്കേതമാണ് ശബരിമല. വിദേശ രാജ്യങ്ങളിൽനിന്നുപോലും  തീർഥാടകർ  എത്തുന്നുണ്ട്‌. അവർക്ക് സുഗമമായ ദർശന സൗകര്യങ്ങൾ ഒരുക്കിയ ഭരണ സംവിധാനത്തെ അഭിനന്ദിക്കുന്നതായും മുഖപ്രസംഗം പറയുന്നു. 

തീർഥാടകർക്ക് ശുദ്ധജലം, നല്ല ഭക്ഷണം, വൃത്തിയുള്ള ശൗചാലയം, വൈദ്യസഹായം, ഏവർക്കും വിവേചനംകൂടാതെയുള്ള ദർശന സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്‌. സൗകര്യങ്ങൾ  ഉറപ്പുവരുത്തുന്നതിന് മികച്ച ഭരണസംവിധാനമാണ്‌ നിലവിലുള്ളത്.കുറഞ്ഞത് അഞ്ചു സംസ്ഥാനങ്ങളിൽനിന്നെങ്കിലും തീർഥാടകർ എത്തുന്നുണ്ട്‌. ഈ സാഹചര്യത്തിൽ, ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. തീർഥാടനകാലത്ത് കാര്യക്ഷമമായ ദുരന്തനിവാരണസംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മാലിന്യ നിർമാർജനം വളരെ ഗൗരവത്തോടെ ഉൾക്കൊള്ളണം. പമ്പാനദീതടം മലിനമാകാതിരിക്കുന്നതിനും ആ നദീതടങ്ങളിലെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ശബരിമലയിലെ മാലിന്യസംസ്‌കരണ സംവിധാനം പ്രയോജനം ചെയ്യണം.

സന്നദ്ധസംഘടനകൾ വഴി സൗജന്യമായി അന്നദാനവും വിരിവയ്ക്കാൻ സൗകര്യവും ഒരുക്കാൻ ദേവസ്വം ബോർഡ് മുൻകൈ എടുത്താൽ, തീർഥാടകരെ ചൂഷണംചെയ്യുന്നത് ഒഴിവാക്കാം. പമ്പയിൽ എത്തുന്നവർക്ക് അനുഷ്ഠാനപരമായ വിവരം കൃത്യമായി നൽകുന്ന സംവിധാനം ഉണ്ടാവണം– മുഖപ്രസംഗത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top