22 December Sunday

കൊച്ചി കോർപറേഷൻ കൗൺസിൽ , ഭൂമിതട്ടിപ്പ്‌ മറയ്‌ക്കാൻ 
യുഡിഎഫ്‌ പ്രതിഷേധനാടകം

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


കൊച്ചി
കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെയും കൂട്ടരുടെയും ഭൂമിതട്ടിപ്പ്‌ മറയ്ക്കാൻ പ്രതിഷേധനാടകവുമായി യുഡിഎഫ്‌. കഴിഞ്ഞദിവസം ചേർന്ന കൗൺസിലിൽ എൽഡിഎഫ്‌ അംഗങ്ങൾ യുഡിഎഫ്‌ കൗൺസിലർ ആന്റണി കുരീത്തറയുടെ ഭൂമിതട്ടിപ്പ്‌ തുറന്നുകാട്ടിയിരുന്നു. ഇത്‌ ചർച്ചയായതോടെ മുഖം രക്ഷിക്കാൻ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ നടത്തിയ പരാമർശം കരുവാക്കി വ്യാഴാഴ്‌ച പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
റോഡുകളുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി നടത്തിയ വാക്കാൽ പരാമർശം വ്യാഴാഴ്‌ച കൗൺസിൽ ആരംഭിച്ചപ്പോൾത്തന്നെ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ പ്രതിഷേധിച്ചു. ചർച്ച അനുവദിക്കാനാകില്ലെന്നും അജൻഡയിലേക്ക്‌ കടക്കാമെന്നും മേയർ എം അനിൽകുമാർ പറഞ്ഞു. 168 വിഷയങ്ങളാണ്‌ കൗൺസിൽ പരിഗണനയ്‌ക്ക്‌ വന്നിരുന്നത്‌. വാർഡുകളിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ, മേയറുടെ വാക്ക്‌ ചെവിക്കൊള്ളാതെ പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതോടെ അജൻഡകൾ പാസാക്കി കൗൺസിൽ പിരിഞ്ഞു.

പൊതുചർച്ചയും പിറ്റേദിവസം അജൻഡയും എന്ന രീതിയാണ്‌ പിന്തുടരുന്നത്‌. ബുധനാഴ്‌ച നടന്ന കൗൺസിലിൽ ഒരേവിഷയം ചർച്ചചെയ്‌ത്‌ നീട്ടിക്കൊണ്ടുപോയി. വ്യാഴാഴ്‌ച അജൻഡകൾ പരിഗണിക്കാനായിരുന്നു. എന്നാൽ, വെറുതെ ഒരു വിഷയം കൊണ്ടുവരികയായിരുന്നു പ്രതിപക്ഷം. ഹൈക്കോടതി പരാമർശം നടത്തിയ വിഷയത്തിൽ കോർപറേഷന്‌ ഒന്നും ചെയ്യാനില്ലെന്നും പകരത്തിനു പകരമെന്ന നിലയിലാണ്‌ പ്രതിപക്ഷപ്രതിഷേധമെന്നും മേയർ പറഞ്ഞു.

കുരീത്തറ അടങ്ങുന്ന സംഘം ഗൂഢാലോചന നടത്തി വ്യാജരേഖ ചമച്ച്‌ സ്ഥലം തട്ടിയെടുത്തതായി മട്ടാഞ്ചേരി സ്വദേശി ജോസഫ്‌ സ്റ്റാൻലിയാണ്‌ പൊലീസിൽ പരാതി നൽകിയത്‌. കോർപറേഷനിലും പരാതി നൽകി. ആന്റണി കുരീത്തറ, മട്ടാഞ്ചേരി സ്വദേശികളായ വി എച്ച് ബാബു, എം പി കുഞ്ഞുമുഹമ്മദ്‌, തട്ടിപ്പ്‌ നടന്ന കാലയളവിലെ കൊച്ചി സബ്‌രജിസ്‌ട്രാർ ആശിഷ്‌ റൊസാരിയോ, ഹനീഷ്‌ അജിത്, അനിത സന്തോഷ്‌, എം വി സുരേഷ്‌ എന്നിവർക്കെതിരെയും ബംഗളൂരു ആസ്ഥാനമായ സ്ഥാപനത്തിനെതിരെയുമാണ്‌ മട്ടാഞ്ചേരി പൊലീസ്‌ കേസെടുത്തത്‌. അന്വേഷണം പുരോഗമിക്കുകയാണ്‌. മട്ടാഞ്ചേരി ജീവമാതാപള്ളിക്ക്‌ മുൻവശത്തെ 54.5 സെന്റ്‌ സ്ഥലമാണ്‌ പ്രതികൾ തട്ടിയെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top