ചാത്തന്നൂർ
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കല്ലുവാതുക്കൽ ഊഴായിക്കോട് ക്ഷേത്രത്തിനു സമീപം പേഴുവിള രേഷ്മ (22)യാണ് പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജനുവരി അഞ്ചിനാണ് പത്തു മണിക്കൂർ മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് രാത്രിയോടെ മരിച്ചു. കുഞ്ഞ് വീടിനടുത്തുള്ള കരിയിലക്കൂട്ടത്തിൽ കിടക്കുന്നതായി വീട്ടുകാരെ അറിയിച്ചത് രേഷ്മയായിരുന്നു. കരച്ചിൽകേട്ട് നോക്കിയപ്പോൾ കുട്ടി കിടക്കുന്നത് കണ്ടുവെന്നായിരുന്നു പറഞ്ഞത്.
കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പ്രസവം നടന്നത് സമീപത്താണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശവാസികളായ പത്തോളം പേരുടെ ഡിഎൻഎ പരിശോധന നടത്തിയപ്പോഴാണ് രേഷ്മയുടെ കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്. ചോദ്യംചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവാവിനോടൊപ്പം ജീവിക്കാൻ കുട്ടി ബാധ്യത ആകാതിരിക്കാനാണ് ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. ഗർഭിണിയായ വിവരം വീട്ടുകാരിൽനിന്നും ഭർത്താവിൽനിന്നും ഒളിച്ചുവച്ചതായും രേഷ്മ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..