22 December Sunday
കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ട്‌

രാജ്യത്തിന്റെ പിന്നാക്കാവസ്ഥ പ്രകടം ; കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024


തിരുവനന്തപുരം
വർത്തമാനകാല യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കാത്തതാണ്‌ കേന്ദ്ര സാമ്പത്തിക സർവേ റിപ്പോർട്ടെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ദാരിദ്ര്യം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, ഉൽപ്പാദന മുരടിപ്പ്‌ തുടങ്ങിയവയിലെല്ലാം രാജ്യത്തിന്റെ പിന്നാക്കാവസ്ഥയാണ്‌ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നത്‌.  ഭക്ഷ്യ വിലക്കയറ്റം 9.36 ശതമാനമാണെന്ന്‌ ജൂണിലെ കണക്കുകൾ സാക്ഷ്യപ്പെടുത്തുമ്പോഴും വിലക്കയറ്റമില്ലെന്നാണ്‌ അവകാശവാദം. 125 രാജ്യങ്ങളുള്ള  ദാരിദ്ര്യസൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്താണ്‌. 67 ലക്ഷം കുട്ടികൾക്ക്‌ ദിവസം ഒരുനേരംപോലും ഭക്ഷണം കിട്ടാത്ത രാജ്യമാണെന്ന്‌ ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയുടെ പഠനത്തിലും പറയുന്നു.
2024–25ൽ 6.5 മുതൽ ഏഴുശതമാനംവരെ വളർച്ചയാണ്‌ ലക്ഷ്യം. ആഗോള സാമ്പത്തിക വളർച്ച 3.2 ശതമാനമാണ്‌. കഴിഞ്ഞവർഷം 8.2 ശതമാനം വളർച്ചയുണ്ടായി എന്നത്‌ സാധൂകരിക്കാൻ വസ്‌തുതകളുമില്ല.

ഉയരുന്ന കടബാധ്യത
രാജ്യത്തിന്റെ കടബാധ്യത ഉയരുന്നതിനെക്കുറിച്ചും റിപ്പോർട്ട്‌  മൗനംപാലിക്കുന്നു. 2011–12ൽ കടം 45,17,252 കോടിയായിരുന്നത്‌ ഇപ്പോൾ 1,83,67,133 കോടിയായി. ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 51.7 ശതമാനമായിരുന്നു 2011–21ലെ കടം. അത്‌ 56 ശതമാനമായി. അക്കൗണ്ടന്റ്‌ ജനറലിന്റെ കണക്കുപ്രകാരം കേരളത്തിന്റേത്‌ 33.09 ശതമാനം മാത്രമാണ്‌. കേന്ദ്രത്തിന്റെ റവന്യൂകമ്മി ജിഡിപിയുടെ 2.8 ശതമാനമായ 8,40,527 കോടി രൂപയാണ്‌. കേരളത്തിന്റേത് 1.48 ശതമാനവും. കേന്ദ്രത്തിന്റെ ധനകമ്മി 5.9 ശതമാനമാണ്‌. കേരളത്തിന്റേത് 2.81 ശതമാനവും.  

അവകാശവാദം മാത്രം
പണപ്പെരുപ്പം 5.4 ശതമാനമെന്നാണ്‌ സർവേ പറയുന്നത്‌. മുൻവർഷത്തെ 6.7 ശതമാനത്തേക്കാൾ കുറവാണെന്നാണ്‌ അവകാശവാദം. ജൂണിലെ കണക്കുപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ വിലക്കയറ്റത്തോതിൽ വ്യത്യാസമുണ്ട്‌.

വ്യവസായ മേഖല പിന്നിൽ
ജിഡിപിയുടെ 25 ശതമാനം വ്യവസായ മേഖലയിൽ നിന്നാകണമെന്ന്‌ പറഞ്ഞെങ്കിലും 17 ശതമാനത്തിൽ ഒതുങ്ങി. വ്യവസായ തൊഴിൽ അവസരങ്ങളിൽ 1.3 ശതമാനം മാത്രമാണ്‌ വളർച്ച. കയറ്റുമതിയിലും വളർച്ചയുണ്ടായില്ല. സ്വകാര്യ നിക്ഷേപക്കുതിപ്പ്‌ ലക്ഷ്യമിടുന്നത്‌ പൊതുമേഖലാവിൽപന ത്വരിതപ്പെടുത്താനാണെന്നുവേണം കരുതാനെന്നും ബാലഗോപാൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top