കൊച്ചി
ഒളിമ്പിക്‌സ് വേദിയാകുന്ന പാരിസിൽനിന്ന് കൊച്ചിയിലേക്ക് അമ്പലമേട്ടുകാരൻ അരുൺ തഥാഗത് നടത്തുന്ന സൈക്കിൾയാത്രയ്‌ക്ക് തേവര സേക്രഡ് ഹാർട്ട് കോളേജിൽ സംവിധായകൻ ലാൽ ജോസ് കൊടിവീശി. നാൽപ്പതോളം രാജ്യങ്ങൾ പിന്നിടുന്ന രണ്ടുവർഷത്തെ യാത്ര, ഒളിമ്പിക്‌സ് ഉദ്‌ഘാടനദിവസമായ 26ന് പാരിസിൽനിന്ന് തുടങ്ങും. എറണാകുളം കലക്ടറേറ്റിൽ സീനിയർ ക്ലർക്ക് ജോലിയിൽനിന്ന് അവധിയെടുത്താണ് യൂറോപ്യൻ രാജ്യങ്ങൾ ചുറ്റാനിറങ്ങുന്നത്. ബുധനാഴ്‌ച നെടുമ്പാശേരിയിൽനിന്ന് വിമാനം കയറി പിറ്റേന്ന് പാരിസിലെത്തും.
ഓരോ മൂന്നുമാസവും ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിൽ രണ്ടുവർഷത്തെ വിസയാണ് യൂറോപ്യൻ യൂണിയൻ നൽകിയത്. ആദ്യ മൂന്നുമാസംകൊണ്ട് 4000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഫ്രാൻസ്, ജർമനി, ഓസ്‌ട്രിയ, ബൾഗേറിയേ, സ്ലൊവാക്യ, തുർക്കിയ എന്നിവിടങ്ങൾ പിന്നിടാനാണ് പദ്ധതി. തുടർന്ന് മൂന്നുമാസം ഗൾഫ് രാജ്യങ്ങളിൽ സൈക്കിൾ ഓടിച്ച് പ്രാഗിലൂടെ വീണ്ടും യൂറോപ്പിൽ പ്രവേശിക്കും. പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നീ രാജ്യങ്ങൾ പിന്നിട്ട് കസാഖ്‌സ്ഥാനിലെത്തും. മൂന്നുമാസംകൊണ്ട് കിർഗിസ്ഥാനും തജികിസ്ഥാനും കടന്ന് അടുത്ത മൂന്നുമാസത്തെ യൂറോപ്യൻ യാത്രയ്‌ക്ക് ഡെന്മാർക്കിലെ കോപ്പൻഹേഗൻ കടക്കും. പോർച്ചുഗലും സ്‌പെയിനും ആ യാത്രയിൽ ഉൾപ്പെടുന്നു. സ്‌പെയിനിൽനിന്ന് മൊറോക്കോയിലെത്തി വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ കറങ്ങി അവസാന ലാപ്പിൽ സ്വിറ്റ്‌സർലൻഡും ഇറ്റലിയും കാണും.
2019ൽ മ്യാൻമർ, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലായിരുന്നു അരുണിന്റെ ആദ്യ വിദേശ സൈക്കിൾ പര്യടനം. അമേരിക്കൻ നിർമിത സർളി ഡിസ്‌ക് ട്രക്കർ എന്ന സൈക്കിളാണ് അരുണിന്റേത്. ഫ്ലാഗ് ഓഫ് ചടങ്ങിൽ മേയർ എം അനിൽകുമാർ, കലക്ടർ എൻ എസ് കെ ഉമേഷ്, ഷെഫ് പിള്ള തുടങ്ങിയവരും എൻഎസ്‌എസ് യൂണിറ്റ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു. അരുണിന് ആശംസയർപ്പിച്ച് കേരള ബാങ്കിന്റെ പതാക എറണാകുളം ക്രെഡിറ്റ് പ്രൊസസിങ് സെന്റർ ഡിജിഎം ഇൻ ചാർജ് രഞ്ജിനി വർഗീസ് കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..