കോലഞ്ചേരി
ട്വന്റി 2-0 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ വ്യാപക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി ഷാജിമോന്‍ കാവുവിനെ സസ്‌പെൻഡ് ചെയ്തു. തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ജൂണ്‍ 18നും 28നും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഗുരുതരക്രമക്കേടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ജൂണ്‍ ആറുമുതല്‍ 18 വരെ ഹാജറോ അവധിയോ രേഖപ്പെടുത്താത്ത സെക്രട്ടറി നിയമാനുസൃത അവധിക്ക് അപേക്ഷ നല്‍കുകയോ അവധി അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
പഞ്ചായത്ത് ഓഫീസിലേക്ക് ആവശ്യമായ കസേരകള്‍ ക്വട്ടേഷനോ ടെൻഡര്‍ നടപടികളോ ഇല്ലാതെ സ്വകാര്യസ്ഥാപനത്തില്‍നിന്ന് പ്രൊപോസല്‍മാത്രം സ്വീകരിച്ച് വാങ്ങിയത് ഗുരുതരവീഴ്ചയാണ്. പത്ത് സര്‍വേ നമ്പറിലുള്ള 37.75 ആര്‍ (93.29 സെന്റ്) വിസ്തീര്‍ണമുള്ള സ്ഥലം 15 പ്ലോട്ടുകളായി തിരിക്കുന്നതിന് നല്‍കിയ അപേക്ഷയിലുള്ള അനുമതിയില്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തി. കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെയാണ് ഭൂമി തിരിച്ചിട്ടുള്ളതെന്നും ഇതിലേക്ക് ആവശ്യത്തിന് വഴി കാണിച്ചിട്ടില്ലെന്നുമടക്കമുള്ള വ്യവസ്ഥകള്‍ പാലിക്കാതെയാണ് സെക്രട്ടറി പെര്‍മിറ്റ് അനുവദിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി.
പതിനെട്ടാംവാര്‍ഡില്‍ ഗോഡൗണുകള്‍ക്ക് അഗ്നിസുരക്ഷ എന്‍ഒസി ഇല്ലാതെ കെട്ടിടനമ്പര്‍ അനുവദിച്ചു. ഇവിടെ നിര്‍മിച്ച കെട്ടിടങ്ങളുടെ ഫയലുകള്‍ നിരവധിതവണ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയില്ല. സ്വകാര്യ സ്‌കൂളിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന ഗോഡൗണുകളും കമ്പനികളും നിര്‍മിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അനധികൃതമാണെന്ന പരാതിയുടെ പ്രാഥമികപരിശോധനയില്‍ത്തന്നെ ഗുരുതരവീഴ്ചകള്‍ കണ്ടെത്തി. 2, 18 വാര്‍ഡുകളിലും സമാനമായ ഗോഡൗണുകള്‍ നിരവധി ഉള്ളതിനാല്‍ ഇവിടങ്ങളിലെ മുഴുവന്‍ ഗോഡൗണുകളുടെ ഫയലുകളും വിശദപരിശോധനയ്‌ക്ക് വിധേയമാക്കും.
അധികാരം ദുര്‍വിനിയോഗം ചെയ്ത് പഞ്ചായത്തില്‍ മറ്റ് ഒട്ടേറെ ക്രമക്കേടുകള്‍ ഷാജിമോന്‍ കാവു നടത്തിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ട്വന്റി 20 ഭരണസമിതിയുടെ ഒത്താശയോടെയാണ് സെക്രട്ടറി ചട്ടലംഘനങ്ങളും ക്രമക്കേടുകളും നടത്തിയതെന്ന പരാതി ശക്തമാണ്. അഴിമതികളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..