കൊച്ചി > അഭിനയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മുമ്പേ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യമാണ് താൻ പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുള്ളതന്ന് അനുഭവം വെളിപ്പെടുത്തി പ്രമുഖ നടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിട്ട സാഹചര്യത്തിൽ താൻ നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ നിസ്സംഗത പുലർത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ.
കതക് തുറക്കാത്തതിലുള്ള വിരോധം കാരണം സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും വെട്ടിച്ചുരുക്കിയെന്നും ചിത്രത്തിൽ അഭിനയിച്ചതിലുള്ള പ്രതിഫലം നൽകിയില്ലെന്നുമാണ് നടിയുടെ പരാതിയിൽ ഉന്നയിച്ചിരുന്നത്.
പരാതിക്ക് മറുപടിയില്ല
2006ൽ തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി താരസംഘടനയായ അമ്മയ്ക്ക് നൽകിയ പരാതിയിൽ ഇതേവരെ നടപടിയെടുത്തില്ലെന്നാണ് നടിയുടെ ആരോപണം. 2006ൽ സിനിമാ ചിത്രീകരണ സമയത്ത് പ്രമുഖ സംവിധായകൻ കതകിൽ മുട്ടി. കതകിൽ തട്ടിയത് സംവിധായകനാണെന്ന് ഹോട്ടൽ ജീവനക്കാരാണ് തന്നെ അറിയിച്ചത്. തുടർന്ന് ഇതേ ചിത്രത്തിൽ അഭിനയിക്കുന്ന നായകനടൻ താമസിക്കുന്ന ഫ്ലോറിലേക്ക് മാറിയാണ് രക്ഷപ്പെട്ടതെന്നും നടി പറഞ്ഞു.
2018ൽ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകിയെങ്കിലും ഇതേവരെ നടപടിയുണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പഴയ പരാതിയുടെ കാര്യം ഓർമ്മിപ്പിച്ച് ഇക്കഴിഞ്ഞ ഇരുപതാം തീയതി സംഘടനയ്ക്ക് വീണ്ടും കത്തയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും നടി വ്യക്തമാക്കിയിരിക്കയാണ്.
പരാതി നൽകിയാൽ അത് സംഘടനയ്ക്ക് അകത്ത് തന്നെ ഒതുക്കി തീർക്കാനാണ് ഭാരവാഹികൾ ശ്രമിക്കുന്നത്, ക്ലീൻ ഇമേജുമായി മുന്നോട്ട് പോകാനാണ് അമ്മ താത്പര്യപ്പെടുന്നത്, പവർഫുള്ളായ ആളുകൾക്ക് മാത്രമാണ് സംഘടനയ്ക്ക് അകത്ത് നീതി ലഭിക്കുന്നത്, തന്നെപ്പോലുള്ളവർക്ക് നീതി നിഷേധിക്കപ്പെടുകയാണ്, സിനിമയുടെ നിർമാതാവ്, അല്ലെങ്കിൽ പുരുഷ താരങ്ങളുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്യാൻ വന്ന എക്സിക്യൂട്ടീവ്മാർ ചോദിക്കുകയുണ്ടായി, ആദ്യ ചോദ്യം തന്നെ അതായിരുന്നു എന്നും അവർ ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..