25 November Monday

ജീവനൊടുക്കിയ മത്സ്യക്കർഷകന്‌ 
വായ്‌പാ കുടിശ്ശികയില്ല : അർബൻ സഹകരണസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


ആലപ്പുഴ
ചേന്നം പള്ളിപ്പുറത്ത്‌ ജീവനൊടുക്കിയ മത്സ്യകർഷകൻ ജോസ്‌ മാത്യുവിന്‌ വായ്‌പാ കുടിശ്ശികയില്ലെന്ന്‌ കുത്തിയതോട്‌ അർബൻ സഹകരണസംഘം പ്രസിഡന്റ്‌ സി ബി ചന്ദ്രബാബു പ്രസ്‌താവനയിൽ പറഞ്ഞു. സംഘത്തിൽനിന്ന്‌ വായ്‌പയെടുത്ത് കടക്കെണിയിലായതിന്റെ പേരിലാണ്‌ അദ്ദേഹം ജീവനൊടുക്കിയതെന്ന വാർത്ത വസ്‌തുതയല്ല. ജോസ്‌ മാത്യു സംഘത്തിൽനിന്ന്‌ എടുത്ത വായ്‌പ 2022ൽ അടച്ചുതീർത്തു. നിലവിൽ ഒരു ബാധ്യതയുമില്ല. ജൂലൈ ഒന്നുമുതൽ 31 വരെ  സർക്കാർ പ്രഖ്യാപിച്ച കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി സംഘത്തിൽനിന്ന്‌ ഇദ്ദേഹത്തിന്‌ നോട്ടീസ്‌ അയച്ചിട്ടില്ല. പരസ്‌പര ജാമ്യ വ്യവസ്ഥയിൽ മറ്റൊരാൾ എടുത്ത വായ്‌പയിൽ സഹജാമ്യക്കാരനായിരുന്നു. എന്നാൽ കുടിശ്ശികയുള്ളവർക്ക്‌ മാത്രമാണ്‌ നോട്ടീസ്‌ അയച്ചത്‌. ദീർഘകാല കുടിശ്ശികയുള്ളവരെ സംബന്ധിച്ച നടപടികൾ ചേർത്തല മുൻസിഫ്‌ കോടതിയാണ്‌ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത തെറ്റെന്ന്‌ മകൻ
ചേന്നം പള്ളിപ്പുറം പഞ്ചായത്ത്‌ ഒന്നാംവാർഡിൽ കുട്ടൻചാൽ മണ്ണാറയിൽ ജോസ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പ്രചരിപ്പിക്കുന്ന വാർത്തകൾ തെറ്റെന്ന്‌ മകൻ മാത്യു ജോസ്‌.  സഹകരണസംഘത്തിൽ നിന്നെടുത്ത  വായ്‌പ പൂർണമായി തിരിച്ചടച്ചതാണ്‌. എന്നാൽ കുടുംബത്തിന്‌ വിവിധ സ്ഥാപനങ്ങളിൽനിന്നെടുത്ത കാർഷികവായ്‌പ ഉൾപ്പെടെ ബാധ്യതയുണ്ട്‌.  ഇക്കാരണത്താൽ അച്ഛൻ കുറച്ചുനാളായി മാനസിക പ്രയാസത്തിലായിരുന്നു. അതിന്റെ ഭാഗമാകാം മരണമെന്നും മാത്യു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top