24 September Tuesday

തൊഴിൽചൂഷണത്തിനെതിരെ 
ഡിവൈഎഫ്‌ഐ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


തിരുവനന്തപുരം
ബഹുരാഷ്‌ട്ര കമ്പനികളും ഐടി, ഇൻഷുറൻസ്‌ കമ്പനികളും നടത്തിവരുന്ന തൊഴിൽ ചൂഷണം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കെതിരേ ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം എംപി. ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരുമായി ആശയ വിനിമയം നടത്തും. ലോകരാജ്യങ്ങളിൽ തൊഴിൽ സംസ്കാരത്തെക്കുറിച്ച്‌ പഠനംനടത്തി ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്രസർക്കാരിന്‌ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾ ‘വർക്‌ ഫ്രം ഹോം’ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണ്‌. ഉന്നത വിദ്യാഭ്യാസമുള്ളവരെ കുറഞ്ഞ ശമ്പളംനൽകി പണിയെടുപ്പിച്ച്‌, അവർക്ക്‌ സ്വകാര്യ ജീവിതത്തിനുപോലും സമയം അനുവദിക്കാതെ മാനസികമായും ശാരീരികമായും തകർക്കുന്നു.
ഐടി മേഖലയിൽ സ്‌ത്രീകൾക്ക്‌ അപ്രഖ്യാപിത തൊഴിൽനിരോധനമുണ്ട്‌. വിവാഹം കഴിക്കാൻ സാധ്യതയുള്ളവർ, ഗർഭധാരണത്തിനൊരുങ്ങുന്നവർ തുടങ്ങിയവരെ ഒഴിവാക്കുന്നു. ഇത്തരം കമ്പനികളിൽ ഇന്റേൺഷിപ്പ്‌ ചെയ്യാൻ ഇൻസെന്റീവ്‌ നൽകുമെന്നാണ്‌ കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്‌. നിലവിലുള്ള തൊഴിൽനിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുകയാണ്‌ കേന്ദ്രസർക്കാർ ചെയ്യേണ്ടത്‌. ഇത്തരം നടപടികൾ സ്വീകരിക്കുന്ന കമ്പനികളിലെ ജീവനക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ച്‌ സമഗ്രമായ പഠനം നടത്താനും കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണം. അമിത ജോലിഭാരത്താൽ മരിച്ച അന്ന സെബാസ്‌റ്റ്യന്റെ അനുഭവം ഇനി ആർക്കും ഉണ്ടാകരുതെന്നും എ എ റഹീം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം വി എസ്‌ ശ്യാമയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top