29 September Sunday

സിപിഐ എമ്മിനെയും സർക്കാരിനെയും 
ദുർബലപ്പെടുത്തിയാൽ അൻവറിനെ പിന്തുണയ്‌ക്കില്ല : എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024


തിരുവനന്തപുരം
സിപിഐ എമ്മിനെയും എൽഡിഎഫ്‌ സർക്കാരിനെയും ദുർബലപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങൾ പറയുന്നതുകൊണ്ടാണ്‌ പി വി അൻവർ എംഎൽഎയ്‌ക്ക്‌ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നതെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എംപി. അത്തരം നിലപാടുകൾ സ്വീകരിച്ചാൽ അൻവറിനെ ഡിവൈഎഫ്‌ഐ പിന്തുണയ്‌ക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടി നൽകി. പി വി അൻവർ എംഎൽഎയുടെ ഇപ്പോഴത്തെ നിലപാടുകൾ ആർക്കാണ്‌ സഹായകമാകുന്നതെന്നറിയാൻ വാർത്തകൾ ശ്രദ്ധിച്ചാൽമതി. സർക്കാരിനെയോ പാർടിയേയോ തള്ളിപ്പറയുന്നവർക്ക്‌ മാധ്യമങ്ങൾ പ്രാധാന്യം നൽകും.

സിപിഐ എമ്മിനെതിരേ ശത്രുക്കൾക്കുള്ള ആയുധമാകുന്നതിനാലാണ്‌ താൻ പറയുന്നകാര്യങ്ങൾക്ക്‌ മാധ്യമങ്ങൾ പ്രാധാന്യം നൽകുന്നതെന്ന്‌ പി വി അൻവർ മനസിലാക്കുമെന്ന്‌ കരുതുന്നു. സർക്കാരും സിപിഐ എമ്മും തെറ്റിന്‌ കൂട്ടുനിൽക്കില്ല എന്നാണ്‌ ഡിവൈഎഫ്‌ഐയുടെ നിലപാട്‌. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സഹയാത്രികനായിവന്ന്‌ തെരഞ്ഞെടുപ്പിൽ മത്സരിച്ച്‌ വിജയിച്ച്‌ മുഖ്യമന്ത്രിയായ ആളല്ല ഇഎംഎസ്‌. അദ്ദേഹത്തിനെയും അൻവറിനെയും താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായ കോൺഗ്രസിൽ പ്രവർത്തിച്ച്‌, കമ്യൂണിസത്തിൽ ആകൃഷ്‌ടനായി ചരിത്രപുരുഷനായി മാറിയ വ്യക്തിയാണ്‌ ഇഎംഎസ്‌.

നിയമസഭയിൽ അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണത്തിനുപോലും മാധ്യമങ്ങൾ ഇത്രയും പ്രാധാന്യം നൽകിയില്ല. ഇപ്പോൾ സിപിഐ എമ്മിനും സർക്കാരിനുമെതിരേ അദ്ദേഹത്തിൽനിന്ന്‌ എന്തെങ്കിലും കിട്ടും എന്നുകരുതിയാണ്‌  മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും എ എ റഹിം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top