കൊച്ചി
ഓണക്കാലത്ത് നിശ്ചയിച്ച ലക്ഷ്യത്തിനപ്പുറം വരുമാനം നേടി കെഎസ്‌ആർടിസി എറണാകുളം യൂണിറ്റ്. റെയിൽവേയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും യാത്രക്കാരെ വലച്ചപ്പോൾ അധിക സർവീസ് നടത്തിയും ഷെഡ്യൂൾ ക്രമീകരിച്ചുമാണ് കെഎസ്‌ആർടിസി ആശ്വാസമായതും വരുമാനത്തിൽ കുതിച്ചതും.
ആഗസ്‌ത് 10 മുതൽ 20 വരെയുള്ള കണക്കനുസരിച്ച് 2.15 കോടിയാണ് എറണാകുളം യൂണിറ്റ് നേടിയത്. ഇതിൽ രണ്ടുദിവസങ്ങളിൽ 13, 17 തീയതികളിലായി നിശ്ചയിച്ചതിൽ കൂടുതൽ വരുമാനം നേടാൻ കഴിഞ്ഞു. 13ന് 26,57,433 രൂപയും 17ന് 23,11,619 രൂപയുമായിരുന്നു വരുമാനം. ഈ ദിവസങ്ങളിൽ 23 ലക്ഷം നേടുകയായിരുന്നു ലക്ഷ്യം. മറ്റു ദിവസങ്ങളിലും സാധാരണയുള്ളതിനേക്കാൾ കൂടുതൽ തുക കെഎസ്‌ആർടിസിക്ക് ലഭിച്ചു. സാധാരണദിനങ്ങളിൽ പതിനാലരലക്ഷംവരെയാണ് ലഭിക്കുന്നത്.
ഓണനാളുകളിൽ ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായത് കെഎസ്‌ആർടിസിയാണ്. ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാഞ്ഞതും സ്വകാര്യ ബസിലെ കൂടിയ നിരക്കും വില്ലനായതോടെ നാട്ടിലേക്കുള്ള വരവ് പ്രയാസത്തിലായിരുന്നു. മടക്കയാത്രയുടെ സ്ഥിതിയും സമാനമായിരുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് കെഎസ്‌ആർടിസി അധിക സർവീസ് നടത്തിയത്. ഇതിനായി കൂടുതൽ ബസുകളും എത്തിച്ചു. തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ സർവീസ് നടത്തി ഷെഡ്യൂൾ ക്രമീകരിച്ചതും യാത്രക്കാർക്ക് ഗുണമായി. ബംഗളൂരു, ചെന്നൈ, മാനന്തവാടി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും കൂടുതൽ സർവീസുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..