പറവൂർ
പെരിയാറിന്റെ ഓളപ്പരപ്പുകളിൽ ഇരുട്ടികുത്തിവെള്ളങ്ങൾ കുതിച്ചുപാഞ്ഞ ഗോതുരുത്ത് വള്ളംകളിയിൽ താണിയനും ചെറിയപണ്ഡിതനും ജേതാക്കൾ. എ ഗ്രേഡ് ഫൈനലിൽ ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ലബ് തുഴഞ്ഞ താണിയൻ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ ഗോതുരുത്തുപുത്രനെ പരാജയപ്പെടുത്തി. താണിയന്റെ തുടർച്ചയായ രണ്ടാംകിരീടമാണിത്. ബി ഗ്രേഡിലെ കലാശപ്പോരിൽ മഞ്ഞനക്കാട് എംബിസി തുഴഞ്ഞ ചെറിയപണ്ഡിതൻ വടക്കുംപുറം പിബിസി തുഴഞ്ഞ വടക്കുംപുറം വള്ളത്തെ തോൽപ്പിച്ചു.
കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിയിലെ കുരിശിന്റെ മഹത്വീകരണ തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബാണ് (എസ്എസി) 87–--ാമത് ജലമേള സംഘടിപ്പിച്ചത്. ഇരു വിഭാഗങ്ങളിലായി 18 വള്ളങ്ങൾ മാറ്റുരച്ചു. ജലമേള കാണാൻ ഇരുകരകളിലായി ആയിരക്കണക്കിന് വള്ളംകളിപ്രേമികളുമെത്തി.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. എസ്എസി പ്രസിഡന്റ് നിവിൻ മിൽട്ടൻ അധ്യക്ഷനായി. വടക്കേക്കര എച്ച്എംഡിപി സഭ പ്രസിഡന്റ് കെ വി അനന്തൻ പതാക ഉയർത്തി. ഫാ. ഗിൽബർട്ട് തച്ചേരി ട്രാക്ക് ആശീർവദിച്ചു. കൊച്ചി കസ്റ്റംസ് കമീഷണർ ഗുർക്കരൻ സിങ് ബെയിൻസ് ഫ്ലാഗ് ഓഫ് ചെയ്‌തു. മുത്തൂറ്റ് അക്കാദമി ടെക്‌നിക്കൽ ഡയറക്‌ടർ ബിജോയ് ബാബു തുഴ കൈമാറി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, കെ എസ് സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, എ എസ് അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, ഷിപ്പി സെബാസ്റ്റ്യൻ, നിത സ്റ്റാലിൻ, ജോമി ജോസി, വി എസ് ജയപ്രകാശ്, അനീഷ് റാഫേൽ, നിഥിൻ ജോസഫ് എന്നിവർ സംസാരിച്ചു. ജേതാക്കൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..