പളളിക്കര
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിനോടുള്ള അനാദരവിന്റെ ബാക്കിപത്രമായി കുന്നത്തുനാട് പഞ്ചായത്തിന്റെ പളളിക്കരയിലെ സ്റ്റേഡിയം.
2014ലെ ഏഷ്യൻ ഗെയിംസിലെ സുവർണനേട്ടത്തിന് ആദരസൂചകമായി പി ആർ ശ്രീജേഷിന്റെ സ്വന്തം നാട്ടിൽ പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയം ഇരുമ്പുതൂണുകൾമാത്രമാണ്. അന്നത്തെ ഏഷ്യൻ ഗെയിംസിനുശേഷം കുന്നത്തുനാട് പഞ്ചായത്ത് ഒരുക്കിയ സ്വീകരണത്തിൽ കായികമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സ്‌റ്റേഡിയം നിർമിക്കുമെന്ന് അറിയിച്ചത്. പള്ളിക്കരയിൽ 98.50 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി. നിർമാണത്തിൽ അപാകം ആരോപിച്ച് ചിലർ പരാതി നൽകിയതോടെ പണി പാതിവഴിയിൽ നിലച്ചു. അപാകങ്ങൾ ഇല്ലെന്ന് ഉന്നതതല അന്വേഷങ്ങളിൽ വ്യക്തമായെങ്കിലും പഞ്ചായത്ത് പണം നൽകിയില്ല. ഇതോടെ നിർമാണത്തുകയിലെ ആദ്യഗഡു ആവശ്യപ്പെട്ട് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. പണം നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും നൽകിയില്ല. പഞ്ചായത്ത് ഉരുണ്ടുകളിച്ചപ്പോൾ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഒടുവിൽ ആദ്യഗഡു നൽകി പഞ്ചായത്ത് തടിയൂരി.
നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ മുഴുവൻ കരാറുകാരൻ മുൻകൂറായി വാങ്ങിയിരുന്നു. കരാർ തുകയിൽ ലഭിക്കേണ്ട ആദ്യഗഡു ലഭിച്ചതോടെ പണി പൂർത്തിയാക്കാനും ഒരുക്കമായിരുന്നു. എന്നാൽ, പഞ്ചായത്ത് അധികൃതരുടെ നിസ്സംഗതയെത്തുടർന്ന് നിർമാണക്കരാർ കോടതിവഴി റദ്ദാക്കേണ്ടിവന്നു.
ആറുലക്ഷം രൂപയും കേസിന് ചെലവായ തുകയും നഷ്ടമായ കരാറുകാരൻ വീണ്ടും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ പി വി ശ്രീനിജിൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ജനസഭയിൽ സ്റ്റേഡിയം നിർമാണം പൂർത്തിയാക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു. വിവരം ട്വന്റി- 20 ഭരിക്കുന്ന പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചെങ്കിലും അനുകൂലമായ തീരുമാനമെടുത്തിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ തുക നൽകുമെന്ന് എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..