പാലക്കാട്
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലും യുഡിഎഫിന് വിമതസ്ഥാനാർഥി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബാണ് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ മത്സരരംഗത്ത്. വ്യാഴാഴ്ച പത്രിക സമർപ്പിക്കും. ചേലക്കരയിൽ കെപിസിസി സെക്രട്ടറി എൻ കെ സുധീർ വിമതനായതിന് പിന്നാലെ പാലക്കാടും യൂത്ത് കോൺഗ്രസ് നേതാവ് മത്സരരംഗത്ത് എത്തിയത് കോൺഗ്രസിന് തലവേദനായി. മുഖ്യമന്ത്രിയാകാൻ ബിജെപിയുമായി ഐക്യപ്പെടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട ഷാനിബ് വ്യക്തമാക്കി.
കോൺഗ്രസിനെ സംഘപരിവാർ പാളയത്തിൽ കെട്ടുന്നതിൽ മനംനൊന്ത് ജവഹർ ബാലമഞ്ച് സംസ്ഥാന കോ–-ഓർഡിനേറ്റർ സ്ഥാനവും ഷാനിബ് രാജിവച്ചിരുന്നു. ഷാഫി പറമ്പിലിനെ പ്രസിഡന്റാക്കാൻ യൂത്ത് കോൺഗ്രസ് ഭരണഘടനതന്നെ മാറ്റിയെന്നും രാഹുൽ മാങ്കൂട്ടത്തിലിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റാകാൻ യുവമോർച്ചക്കാർക്ക് വരെ വ്യാജ ഐഡി കാർഡ് നൽകിയെന്നും ഷാനിബ് വെളിപ്പെടുത്തിയിരുന്നു.
സതീശന്റെ തന്ത്രങ്ങൾ
പാളും: ഷാനിബ്
സതീശന് അഹങ്കാരവും ധാർഷ്‌ട്യവും അധികാരഭ്രാന്തുമാണെന്ന് എ കെ ഷാനിബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാലക്കാട്ട് സതീശന്റെ തന്ത്രങ്ങൾ പാളും. ഷാഫിയുമായി ചേർന്ന് സതീശൻ പാർടിയെ ഹൈജാക്ക് ചെയ്‌തു. ഏകാധിപത്യ നിലപാടുകളുള്ള ഇവർ ബിജെപിക്ക് വളരാനുള്ള അവസരം ഒരുക്കുന്നു. പാർടി പ്രവർത്തകരെ കേൾക്കാത്ത, പക്വതയില്ലാത്ത നേതാവാണ് സതീശൻ. നിലപാടുള്ളവരെ ചവിട്ടിപ്പുറത്താക്കുന്നു. പി വി അൻവറിനെ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കാനാണ്. എ വി ഗോപിനാഥിനെപ്പോലെയുള്ളവർ ഉണ്ടായിട്ടും എന്തിന് പുറമേനിന്ന് ഒരാളെ കെട്ടിയിറക്കി. രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് കെ കരുണാകരന്റെ ശവകുടീരം കണ്ടില്ല.
‘‘എന്നെ പുഴുവെന്നാണ് വി ഡി സതീശൻ വിശേഷിപ്പിച്ചത്. നാലുവർഷമായി ഞാൻ ഇവിടെ ഉണ്ടായിരുന്നു. കൊടിപിടിക്കാനും പ്രസംഗിക്കാനുമൊക്കെ നടക്കുന്ന സാധാരണ പ്രവർത്തകരായ പുഴുക്കളുടെയും പ്രാണികളുടെയും പ്രതിനിധിയാണ് ഞാൻ’’–- ഷാനിബ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..