23 October Wednesday

ശബരി പാത ; കള്ളം ആവർത്തിച്ച്‌ കേന്ദ്രം , പദ്ധതിയുടെ പകുതി തുകയെടുക്കാമെന്ന്‌ 2021 മുതൽ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്‌

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024


തിരുവനന്തപുരം
അങ്കമാലി –-എരുമേലി ശബരിപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട്‌ കള്ളം ആവർത്തിച്ച്‌ കേന്ദ്രസർക്കാർ. പദ്ധതിയുടെ പകുതി ചെലവ്‌ എടുക്കുന്നതിൽ കേരളം നിലപാട്‌ അറിയിച്ചില്ലെന്നാണ്‌ ചോദ്യങ്ങൾക്ക്‌ റെയിൽവേ കേന്ദ്രസഹമന്ത്രി രവ്‌നീത്‌ സിങ്‌ നൽകിയ മറുപടി. ജോൺ ബ്രിട്ടാസ്‌, ഹാരിസ്‌ ബീരാൻ എന്നിവരാണ്‌ വിവരങ്ങൾ തേടിയത്‌.

പദ്ധതി നടപ്പാക്കുമ്പോൾ വരുന്ന ചെലവിന്റെ പകുതി നൽകാമെന്ന്‌  2021 ജനുവരി ഏഴിന്‌  സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തെ അറിയിച്ചിരുന്നു.  തുടർന്ന്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ മന്ത്രിയെ നേരിൽകണ്ടപ്പോഴും ഇക്കാര്യം അറിയിച്ചിരുന്നു. 2815 കോടി രൂപയാണ്‌ നേരത്തെ പദ്ധതിക്കായി ചെലവ്‌ കണക്കാക്കിയിരുന്നത്‌. 2023ൽ അത്‌ 3810.69 കോടിയായി ഉയർന്നു. കെ റെയിൽ തയ്യാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട്‌ കേന്ദ്രവും റെയിൽവേയും അംഗീകരിച്ചതാണ്‌. ആ ഘട്ടത്തിലും പദ്ധതിച്ചെലവിന്റെ പകുതിനൽകാമെന്ന്‌ കേരളം വ്യക്തമാക്കിയിരുന്നു.

ഗതാഗതവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി 2024 ആഗസ്‌ത്‌ 29 ന്‌ റെയിൽവേ ബോർഡ് ചെയർമാന്‌ വീണ്ടും കത്തെഴുതി. കിഫ്‌ബി വഴി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ഇതിൽ ആവശ്യപ്പെട്ടിരുന്നു. ഒന്നരമാസം കഴിഞ്ഞിട്ടും കേന്ദ്രമോ റെയിൽവേ ബോർഡോ മറുപടി നൽകിയില്ല. 16 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി അബ്ദുറഹിമാൻ എന്നിവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ഡൽഹിയിലെത്തി കണ്ടപ്പോൾ ഇക്കാര്യം വീണ്ടും വിശദീകരിച്ചു. 1997–-98ൽ അംഗീകാരം ലഭിച്ച പദ്ധതിയാണ് 2019 മുതൽ കേന്ദ്രം മരവിപ്പിച്ചത്‌.

പദ്ധതിക്കായി അങ്കമാലിയിൽനിന്ന്‌ 70 കിലോമീറ്റർ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിരുന്നു. ഇരുപതിലേറെ വർഷമായി ഭൂമി വിൽക്കാനോ മറ്റ്‌ നിർമാണപ്രവർത്തനങ്ങൾ നടത്താനോ കഴിയാത്തതെ പ്രയാസം അനുഭവിക്കുകയാണ്‌ ഭൂവുടമകൾ. ചെങ്ങന്നൂർ–-പമ്പ പാത ജനങ്ങളുടെ ആവശ്യമാണെന്ന്‌ മറുപടിയിൽ കേന്ദ്രസഹമന്ത്രി പറയുകയും ചെയ്‌തു. ശബരിമല യാത്രക്കാർക്ക്‌ ദൂരക്കുറവും ഇടുക്കിയിലേക്ക്‌ റെയിൽ കണക്ടിവിറ്റിയും നൽകുന്നതാണ്‌ ശബരി പാത. അതിന്‌ പ്രാധാന്യം നൽകാതെ, കേന്ദ്രത്തിന്‌ താൽപ്പര്യമുള്ള ചെങ്ങന്നൂർ –-പമ്പ പദ്ധതിക്കായി കേരളത്തോട്‌ പണം ആവശ്യപ്പെടുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top