21 November Thursday

പാലക്കാട്ടെ കോൺഗ്രസ്‌ പ്രതിസന്ധി : പകച്ച്‌ ഹൈക്കമാൻഡും

പ്രത്യേക ലേഖകൻUpdated: Wednesday Oct 23, 2024


തിരുവനന്തപുരം
പാലക്കാട്‌ തുടരുന്ന പൊട്ടിത്തെറിയിൽ പ്രതിസന്ധിയിലകപ്പെട്ട സംസ്ഥാന കോൺഗ്രസിന്റെ പോക്കിൽ ഹൈക്കമാൻഡിനും അതൃപ്‌തി.  പ്രമുഖർ അടക്കം യുവനേതാക്കൾ പാർട്ടിവിടന്നതും അവരുടെ ആരോപണങ്ങൾ ചെറുക്കാൻ കഴിയാത്തതുമാണ്‌ പ്രധാന പ്രതിസന്ധി. പ്രിയങ്ക മടങ്ങിയ ശേഷം കൂടുതൽ ആലോചനകൾ നടത്താനാണ്‌ സാധ്യത. 

വി ഡി സതീശനെതിരെ സരിനും  എ കെ ഷാനിബും ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുമെന്നാണ്‌ ദീപ ദാസ്‌ മുൻഷി മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌ കെപിസിസി നേതൃത്വത്തിലുളള അവിശ്വാസമാണ്‌ വ്യക്തമാക്കുന്നത്‌.  യുഡിഎഫ്‌ സ്ഥാനാർഥിയെ പിൻവലിക്കാനുള്ള പി വി അൻവറിന്റെ ആവശ്യം തള്ളുമ്പോഴും ചർച്ചയുടെ വഴി അടഞ്ഞിട്ടില്ലെന്ന്‌  ദീപ ദാസും കെ സുധാകരനും ആവർത്തിക്കുന്നു.  സതീശന്റെ നിലപാടല്ല പാർട്ടിക്ക്‌ ഇക്കാര്യത്തിലുള്ളതെന്ന്‌ വ്യക്തമാക്കുകയാണ്‌ ഇവർ.   സുധാകരനിലാണ്‌ പ്രതീക്ഷയെന്ന്‌ അൻവറും പറയുന്നു.

പാലക്കാട്‌ ഡിസിസി യെ വിശ്വാസത്തിലെടുക്കാതെ ഷാഫി പറമ്പിലിന്റെ മാത്രം നേതൃത്വത്തിൽ തെരഞ്ഞെടുപ്പ്‌ പ്രവർത്തനം മുന്നോട്ടു പോകുന്നതിലുള്ള അതൃപ്തിയും ശക്തമാണ്‌. ഷാനിബിന്റെ സ്ഥാനാർഥിത്വം അമർഷമുള്ള വലിയൊരുവിഭാഗം കോൺഗ്രസ്‌ പ്രവർത്തകരുടെ വൊട്ട്‌ ആകർഷിക്കുമെന്ന്‌ ഉറപ്പാണ്‌. നേതാക്കൾക്കും ഇക്കാര്യം മനസിലായിട്ടുണ്ട്‌. ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കണമെന്ന നിലപാടാണ്‌ കെപിസിസി അധ്യക്ഷനോടൊപ്പം നിൽക്കുന്ന നേതാക്കൾക്ക്‌. എന്നാൽ, വി ഡി സതീശൻ ആദ്യമേ തന്നെ അത്തരം സാധ്യതകൾ പരസ്യമായി തള്ളുന്നത്‌ സമവായ സാധ്യതകൾ അടയ്ക്കുകയാണെന്നും പാലക്കാട്ടെ കോൺഗ്രസ്‌ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ ജാമ്യം എന്ന പോലെ  ‘ മാങ്കൂട്ടത്തിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുത്തോളാം’ എന്ന്‌ സതീശൻ പറഞ്ഞതും പ്രശ്നങ്ങൾ തുറന്നുസമ്മതിച്ചതിനു തുല്യമാണ്‌. ഇത്‌ ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണോയെന്ന്‌ സംശയിക്കുന്നവർ കോൺഗ്രസിൽ തന്നെയുണ്ട്‌.

നേതാക്കൾ  
മറുപടി 
പറയേണ്ടിവരും : എ വി ഗോപിനാഥ്‌.
പാലക്കാട്‌ നഗരസഭയിൽ ബിജെപി വളർച്ചയ്‌ക്ക്‌ മികച്ച പിന്തുണയാണ്‌ കോൺഗ്രസ്‌  നൽകിയതെന്ന്‌ മുൻ ഡിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന എ വി ഗോപിനാഥ്‌. ""ഇക്കാര്യങ്ങൾ ശരിക്കും മനസ്സിലായതോടെയാണ്‌ ഡോ. പി സരിനെപ്പോലെ വിവരമുള്ളവരും ചിന്തിക്കുന്നവരും കോൺഗ്രസ്‌ വിട്ടത്‌. ഇപ്പോൾ എ കെ ഷാനിബും കോൺഗ്രസ്‌ വിട്ടു. 
       വളർന്നുവരുന്ന തലമുറയ്‌ക്ക്‌ കോൺഗ്രസിന്റെ യാഥാർഥമുഖം മനസ്സിലായി. ഭൂരിഭാഗം പേർക്കും ആ പാർടിയോട്‌ ആഭിമുഖ്യമില്ലാതായി. ഇക്കാര്യങ്ങൾ നേരത്തേ എനിക്ക്‌ ബോധ്യമായതിനാലാണ്‌ പലതും തുറന്നുപറഞ്ഞത്‌. അതിന്‌ എന്നെ പുറത്താക്കി. കോൺഗ്രസിലെ ഏകാധിപത്യം ജനങ്ങൾ ചർച്ചചെയ്യാൻ തുടങ്ങി. ജനം ഉയർത്തുന്ന ചോദ്യങ്ങൾക്ക്‌ നേതാക്കൾ  മറുപടി പറയേണ്ടിവരും’’–- എ വി ഗോപിനാഥ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top