22 December Sunday

മാനസികസമ്മർദത്തെ തുടർന്നുള്ള ആത്മഹത്യാശ്രമം: നടപടിയെടുക്കാനാകില്ലെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊച്ചി
കടുത്ത മാനസിക സമ്മർദത്തെ തുടർന്നുള്ള ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള നടപടികൾ ബാധകമല്ലെന്ന മാനസികാരോഗ്യ നിയമത്തിലെ വ്യവസ്ഥയ്ക്ക് മുൻകാല പ്രാബല്യമുണ്ടെന്ന്‌ ഹൈക്കോടതി. സാമൂഹികക്ഷേമം ലക്ഷ്യമിട്ടുള്ള നിയമങ്ങൾക്ക്‌ ഇത്തരത്തിൽ മുൻകാലപ്രാബല്യമുള്ളതായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. ആത്മഹത്യാശ്രമത്തിന്‌ 2016ൽ എടുത്ത കേസ്, 2017ലെ മാനസികാരോഗ്യനിയമത്തിലെ വ്യവസ്ഥപ്രകാരം റദ്ദാക്കണമെന്ന എറണാകുളം സ്വദേശിനിയുടെ ഹർജി അനുവദിച്ചാണ്‌ ജസ്റ്റിസ് സി എസ് സുധ ഇക്കാര്യം വ്യക്തമാക്കിയത്.

മാനസിക സമ്മർദത്തിന്‌ അടിമപ്പെട്ടാണ് ആത്മഹത്യാശ്രമമെന്നു തെളിഞ്ഞാൽ കേസെടുക്കരുതെന്നാണ് പുതിയ മാനസികാരോഗ്യ നിയമത്തിലെ 115–--ാം വകുപ്പു പറയുന്നതെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ, 2018ൽ നിലവിൽവന്ന നിയമത്തിനു മുമ്പുണ്ടായ സംഭവമാണിതെന്നും പുതിയ മാനസികാരോഗ്യ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും സർക്കാർ അറിയിച്ചു. സംഭവം നടക്കുന്നസമയത്ത് എല്ലാവിധ ആത്മഹത്യാശ്രമങ്ങളും കുറ്റകരമായിരുന്നുന്നെന്നും അതിനാൽ കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കി.

അതേസമയം, മാനസികസമ്മർദംമൂലം ആത്മഹത്യക്ക്‌ ശ്രമിച്ചവർക്ക് പരിചരണവും ചികിത്സയും പുനരധിവാസവും ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന വ്യവസ്ഥയുള്ളപ്പോൾ ഹർജിക്കാരിക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചതിനെ കോടതി വിമർശിച്ചു. ഇത്തരം സംഭവങ്ങളിൽ ഐപിസി 309 പ്രകാരം നടപടികൾ എടുക്കുമ്പോൾ മാനസികസമ്മർദങ്ങൾക്ക്‌ വിധേയമായിരുന്നില്ലെന്ന് തെളിയിക്കേണ്ടതുണ്ടെന്നും- കോടതി  പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top