23 October Wednesday

കുണ്ടന്നൂർ–തേവര പാലം നവീകരണം ; ടോൾ ഒഴിവാക്കാനാകില്ലെന്ന് 
ദേശീയപാത അതോറിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

മരടിലെ ജനപ്രതിനിധികൾ ഹൈവേ അതോറിറ്റി ഓഫീസിൽ പ്രതിഷേധിക്കുന്നു


കൊച്ചി
അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂർ–തേവര പാലം അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസവഴി യാത്ര ചെയ്യേണ്ടിവരുന്ന മരട് നിവാസികളെ താൽക്കാലികമായി ടോളിൽനിന്ന്‌ ഒഴിവാക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അറിയിച്ചു. പാലം അടച്ചതിനെ തുടർന്ന് മരട് നിവാസികൾ നേരിടുന്ന യാത്രാപ്രശ്നം പരിഹരിക്കാന്‍ കലക്ടർ എൻ എസ് കെ ഉമേഷ് വിളിച്ച യോഗത്തിൽ മരട് നിവാസികളെ ടോളിൽനിന്ന്‌ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തരത്തിൽ താൽക്കാലികമായി ടോളിൽനിന്ന്‌ ഒഴിവാക്കാൻ സാങ്കേതികമായി സാധിക്കില്ലെന്ന് എൻഎച്ച്‌എഐ പ്രോജക്ട് ഡയറക്ടർ കലക്ടറെ അറിയിച്ചു.

പശ്ചിമകൊച്ചിയിലേക്ക് പോകുന്ന മരട് നിവാസികൾ കുണ്ടന്നൂർ പാലം അടച്ചതോടെ കുമ്പളം ടോൾ പ്ലാസയിലൂടെ അരൂർ -ഇടക്കൊച്ചിവഴി സഞ്ചരിക്കേണ്ടിവരും. അതിനാൽ വലിയ തുക ടോളായി നൽകേണ്ടിവരും. ഇത് കണക്കിലെടുത്ത് മരട് നഗരസഭാ നിവാസികളെ കുമ്പളം ടോളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് കലക്ടർ നേരത്തേ യോഗം വിളിച്ചത്. ഒക്ടോബർ 15 മുതലാണ് അറ്റകുറ്റപ്പണിക്കായി കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ ഒരുമാസത്തേക്ക് അടച്ചത്.

മരട് ​ന​ഗരസഭ ; ടോൾ ഒഴിവാക്കിയെന്ന് 
അധ്യക്ഷ​ന്റെ വ്യാജപ്രചാരണം
കുണ്ടന്നൂർ–-തേവര പാലത്തി​ന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് പാലം അടച്ചതിനെ തുടർന്ന് കുമ്പളം ടോൾ പ്ലാസയിലൂടെ പോകുന്ന മരട് നിവാസികളുടെ വാഹനങ്ങളുടെ ടോൾ ഒഴിവാക്കിയെന്ന് പ്രഖ്യാപനം നടത്തിയ ആ​ന്റണി ആശാംപറമ്പിൽ പൊതുജനത്തിനുമുന്നിൽ അപഹാസ്യനായതായി നഗരസഭ പ്രതിപക്ഷനേതാവ് സി ആർ ഷാനവാസ് പറഞ്ഞു. ഇതുസംബന്ധിച്ച് നഗരസഭാ ചെയർമാൻ കലക്ടർക്ക് കത്ത് നൽകിയത് ചില മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ, ടോൾ ഒഴിവാക്കിയത് സംബന്ധിച്ച് രേഖാമൂലമുള്ള ഒരു ഉറപ്പും അധികൃതർ നൽകിയിരുന്നില്ല. ഇത് മറച്ചുവച്ചാണ് മുനിസിപ്പൽ ചെയർമാൻ ഇടപ്പെട്ടതിനെ തുടർന്ന് മരട് നിവാസികൾക്ക് ടോൾ ഒഴിവാക്കിയെന്നനിലയിൽ വലിയ പ്രചാരണം നടത്തിയത്.

നേരത്തേ 3000 ഡോസ് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്നും മത്സ്യക്കുരുതിയുണ്ടായ ഘട്ടത്തിൽ  മത്സ്യത്തൊഴിലാളികൾക്ക് നഗരസഭ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചും ജനങ്ങളെ പറ്റിച്ച മുനിസിപ്പൽ ചെയർമാ​ന്റെ മറ്റൊരു വഞ്ചനയാണ് ദേശീയപാത അധികൃതരുടെ അറിയിപ്പിലൂടെ പുറത്തുവന്നതെന്നും പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുന്ന മുനിസിപ്പൽ ഭരണാധികാരികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും എൽഡിഎഫ് പാർലിമെ​ന്ററി പാർടി ലീഡർ സി ആർ ഷാനവാസ് പ്രസ്താവനയിൽ പറഞ്ഞു.

ജനപ്രതിനിധികൾ പ്രതിഷേധിച്ചു
കുമ്പളം ടോൾ പ്ലാസവഴി യാത്ര ചെയ്യേണ്ടിവരുന്ന മരട് നിവാസികളെ താൽക്കാലികമായി ടോളിൽനിന്ന്‌ ഒഴിവാക്കാനാകില്ലെന്ന് അറിയിച്ച ദേശീയപാത അതോറിറ്റിക്കെതിരെ പ്രതിഷേധം. നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിലി​ന്റെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുടെ ഓഫീസിൽ പ്രതിഷേധിച്ചു. പ്രോജക്ട്‌ മാനേജരുടെ അഭാവത്തിൽ ടെക്നിക്കൽ മാനേജർ ജോൺ ജീവൻ ജോസഫുമായി ചർച്ച നടത്തി. ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top