23 October Wednesday

നിക്ഷേപത്തട്ടിപ്പ്‌ ; അപ്പോളോ ജ്വല്ലറി, 
സമാന ഗ്രൂപ്പ് എന്നിവിടങ്ങളിൽ ഇഡി പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


കൊച്ചി
നിക്ഷേപത്തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 79.83 ലക്ഷം രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലും ഓഫീസുകളിലുമായി 11 ഇടത്ത്‌ 17ന്‌ ആയിരുന്നു പരിശോധന. 52.34 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകളും 27.49 ലക്ഷം രൂപയുമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കണ്ടുകെട്ടുന്നത്‌. മൂസ ഹാജി ചാരപ്പറമ്പിൽ, ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള അപ്പോളോ ഗോൾഡ് നിക്ഷേപപദ്ധതികൾവഴി 82.90 കോടി തട്ടിയെടുത്തെന്നാണ് കേസ്.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർച്ചയായാണ് ഇഡി അന്വേഷണം തുടങ്ങിയത്‌. 2020ലാണ് തട്ടിപ്പ് നടത്തിയത്. അപ്പോളോ ഗോൾഡ് എന്ന പദ്ധതിയിൽ ഒരുലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ഒരുവർഷത്തിനുശേഷം മാസം 1000 രൂപവീതം ലാഭവിഹിതം നൽകുമെന്നും ഒരുവർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുക തിരികെ നൽകുമെന്നുമായിരുന്നു വാഗ്‌ദാനം. ഒരുവർഷം കഴിഞ്ഞ്‌ നിക്ഷേപം തുടരുന്നവർക്കും ലാഭവിഹിതം വാഗ്‌ദാനം ചെയ്തിരുന്നു. ഒരുവർഷം തുക നൽകി. പിന്നീട് നൽകിയില്ല. ശേഖരിച്ച 82.90 കോടി രൂപ സമാന ഗ്രൂപ്പുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തെ ഹോട്ടൽ ഡിമോറ,  അപ്പോളോ ഷോപ്പിങ്‌ മാൾ, ട്രിവാൻഡ്രം അപ്പോളോ ബിൽഡേഴ്സ് ലിമിറ്റഡ് എന്നിവയിലേക്ക് വഴിതിരിച്ച് ചെലവഴിച്ചെന്ന്‌ ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു. അക്കൗണ്ടുകളുടെ രേഖകളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top