23 October Wednesday
ടിങ്കറിങ്‌ ലാബ്‌ പദ്ധതിക്ക്‌ തുടക്കം

വിജ്ഞാനസമൂഹ സൃഷ്ടിക്ക്‌ നൂതനാശയങ്ങള്‍ അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2024


വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കാൻ നൂതനാശയ രൂപീകരണം   അനിവാര്യമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാ കേരളവും കേരള സ്‌റ്റാർട്ടപ് മിഷനും ചേർന്ന്‌ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ നൂറുദിന കർമപരിപാടികളിൽ ഒന്നായ സ്‌റ്റാർസ് ടിങ്കറിങ്‌ ലാബ്‌ പദ്ധതിയുടെ (സെന്റർ ഫോർ ഏർലി ഇന്നൊവേഷൻ) സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കരിക്കുലത്തിലെ വിവിധ പഠനപ്രവർത്തനങ്ങളുമായി കോർത്തിണക്കി ശാസ്ത്രീയരീതിയിൽ നൂതനാശയങ്ങൾ വികസിപ്പിക്കുന്ന കഴിവുകൾ  കുട്ടികളിൽ വളർത്തുകയാണ് ലാബിന്റെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് പൊതുമേഖലാ സ്ഥാപനവുമായി ചേർന്ന് ടിങ്കറിങ്‌  ലാബുകൾ സജ്ജമാക്കുന്നത്.വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്താനും കരിക്കുലവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനും ഏഴുമുതൽ പന്ത്രണ്ടാംക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് ലാബ് സഹായകമാകും. ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പണം ഫലപ്രദമായി വിനിയോഗിക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു.
 

ടിങ്കറിങ്‌ ലാബ്‌ പദ്ധതിക്ക്‌ തുടക്കം
വിദ്യാർഥികളിൽ ശാസ്‌ത്രാഭിരുചി വളർത്താനും കരിക്കുലവുമായി ബന്ധപ്പെട്ട്‌ നൂതനാശയങ്ങൾ വികസിപ്പിക്കാനുമായി പൊതുവിദ്യാഭ്യാസവകുപ്പ്‌, സമഗ്രശിക്ഷാ കേരളം, കേരള സ്‌റ്റാർട്ടപ് മിഷൻ എന്നിവ ചേർന്ന്‌ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്‌റ്റാർസ് ടിങ്കറിങ്‌ ലാബ്‌ പദ്ധതിക്ക്‌ (സെന്റർ ഫോർ ഏർലി ഇന്നൊവേഷൻ) തുടക്കമായി. തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.

സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 28 ലാബുകളാണ് പൂർത്തിയാക്കുന്നത്. ഈ അക്കാദമിക വർഷാവസാനത്തോടെ 70 ലാബുകൾകൂടി പൂർത്തിയാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്‌. നിലവിലുള്ള ടിങ്കറിങ്‌ ലാബുകളെക്കൂടി ഫലപ്രദമാക്കുന്നതിനും ക്രിയാത്മക നടത്തിപ്പിനുമായി കേരള സ്റ്റാർട്ടപ്‌ മിഷന്റെ കൊച്ചിയിലുള്ള ഫാബ് ലാബിൽ ഒരു ബാച്ച് അധ്യാപക പരിശീലനം പൂർത്തീകരിച്ചുകഴിഞ്ഞു.

ഉദ്‌ഘാടനയോഗത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷയായി. വൈസ് ചെയർമാൻ കെ കെ പ്രദീപ്‌കുമാർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ യു കെ പീതാംബരൻ, ദീപ്തി സുമേഷ്, കൗൺസിലർ നിമ്മി രഞ്ജിത്, കേരള സ്റ്റാർട്ടപ് മിഷൻ പ്രോജക്ട് ഡയറക്ടർ ബി കാർത്തിക് പരശുറാം, അഡീഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ എം കെ ഷൈൻ മോൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ ഹണി ജി അലക്‌സാണ്ടർ, എസ്‌എസ്‌കെ ജില്ലാ പ്രോജക്ട് കോ-–-ഓർഡിനേറ്റർ ബിനോയ് കെ ജോസഫ്, ജില്ലാ പ്രോഗ്രാം ഓഫീസർ ജോസഫ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top