ഉദയംപേരൂർ
ഒഴിഞ്ഞപറമ്പിൽ ഹോട്ടൽ മാലിന്യം തള്ളിയ കാറ്ററിങ് യൂണിറ്റിന് പഞ്ചായത്ത് 30,000 രൂപ പിഴ ചുമത്തി. ചോറ്റാനിക്കര കുരീക്കാട് ഗോൾഡൻ ഡ്രീംസ് കാറ്ററിങ് യൂണിറ്റിനാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. 15–--ാംവാർഡിലെ ഐഒസി കൂട്ടുംമുഖം റോഡിലെ ഒഴിഞ്ഞപറമ്പിലാണ് 25 ഓളം പ്ലാസ്റ്റിക് ചാക്കുകളിൽ പുഴുവരിച്ച നിലയിലുള്ള ഇറച്ചിയും മറ്റു ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയത്. മാലിന്യം ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് അംഗം പി ഗഗാറിൻ പഞ്ചായത്തിലും പൊലീസിലും വിവരമറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ എ ജിസ്മിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും 15–--ാംവാർഡ് ഹരിതകർമസേനയും ചാക്കുകൾ അഴിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് കാറ്ററിങ് യൂണിറ്റിന്റെ മേൽവിലാസം കണ്ടെത്തിയത്.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മാലിന്യം തള്ളുന്നത് സംബന്ധിച്ച് തെളിവ് നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി പി പി വിനോദ്കുമാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..