കൊച്ചി
കേരള സ്കൂൾ കായികമേളയ്ക്കായി രൂപീകരിച്ച 15 സബ് കമ്മിറ്റികളുടെ പ്രവർത്തനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്വാഗതസംഘം ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും കമ്മിറ്റികളുടെ പ്രവർത്തനം. അമ്പത്താറ് സ്‌കൂളുകളിലാണ് കുട്ടികൾക്ക് താമസസൗകര്യം ഒരുക്കുന്നത്. അവിടെ ശുചിമുറിയും വെള്ളവും വെളിച്ചവും ഉറപ്പുവരുത്തും. കുടിവെള്ളലഭ്യതയും കുറ്റമറ്റതാക്കും. 17 വേദികളിലും മെഡിക്കൽ ടീം സജ്ജമായിരിക്കും. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ എറണാകുളം ഡിഎംഒയെ ചുമതലപ്പെടുത്തി. ആയുർവേദ വിഭാഗത്തിലെ സ്‌പോർട്‌സ് മെഡിസിൻ വിദഗ്‌ധരുടെ സേവനവും പ്രയോജനപ്പെടുത്തും.
യാത്രയ്‌ക്ക് വാട്ടർ മെട്രോ, കൊച്ചി മെട്രോ എന്നിവ ക്രമീകരിക്കും.
കുണ്ടന്നൂർ–-തേവര, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങൾ ഒരുമാസത്തേക്ക് അടച്ചതിനാൽ പശ്ചിമകൊച്ചിയിലെ വേദികളിലേക്കുള്ള യാത്രയ്‌ക്ക് ബദൽസംവിധാനം ഉണ്ടാക്കും. വിവിധ ഗ്രൗണ്ടുകളിലെ മാർക്കിങ് 30ന് പൂർത്തിയാക്കും. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ആന്റണി ജോൺ, അനൂപ് ജേക്കബ്, പി വി ശ്രീനിജിൻ, എൽദോസ് കുന്നപ്പിള്ളി, ടി ജെ വിനോദ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാജഹാൻ, കലക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..