29 December Sunday

ഓരോ മൊബൈല്‍ ആപ്പും നിരീക്ഷിക്കാനാകില്ല: കേന്ദ്രസര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2019


കൊച്ചി
ദശലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷനുകളെ പ്രത്യേകം നിരീക്ഷിക്കൽ പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഗൂഗിൾ പ്ലേ സ്റ്റോറിൽ 28 ലക്ഷവും ആപ്പിൾ സ്റ്റോറിൽ 22 ലക്ഷവും അപ്ലിക്കേഷനുകളുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആർക്കും അപ്ലിക്കേഷനുകൾ അപ്‌‌ലോഡും ഡൗൺലോഡും ചെയ്യാം. രാജ്യത്ത് നിലവിൽ 45.1 കോടി പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ മാത്രമേ അപ്ലിക്കേഷനുകളിൽ നിരീക്ഷണം നടത്താനാവൂയെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ വകുപ്പും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. ടെലഗ്രാം എന്ന ഇൻസ്റ്റന്റ് മെസേജിങ് മൊബൈൽ അപ്ലിക്കേഷൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമൻ നൽകിയ ഹർജിയിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളും സൈബർ തീവ്രവാദവും തടയാനുള്ള വകുപ്പുകൾ ഐടി ആക്ടിലുണ്ടെന്ന് കേന്ദ്ര ഗവൺമെന്റ്‌ കൗൺസൽ അഡ്വ. ജയശങ്കർനായർ മുഖേന സമർപ്പിച്ച സത്യവാങ്മൂലം പറയുന്നു. സൈബർ ഉള്ളടക്കത്തെക്കുറിച്ച്‌ പൊലീസിലോ മറ്റു നിയമസംവിധാനങ്ങളിലോ പരാതി നൽകാം. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷ, പ്രതിരോധം, സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന സൈബർ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാൻ ഐടി ആക്ടിൽ വകുപ്പുണ്ട്‌. കോടതി വിധിയുടെയോ അന്തർമന്ത്രാലയ സമിതിയുടെയോ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാറുള്ളത്‌. ബ്ലോക്ക് ചെയ്യാൻ നോഡൽ ഓഫീസർക്ക് പരാതി നൽകണം. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടാൽ നോഡൽ ഓഫീസർ അത് മന്ത്രാലയത്തിലേക്ക് അയക്കും. ഈ നടപടിക്രമം പാലിക്കാതെ വെബ്സൈറ്റുകളും ലിങ്കുകളും ബ്ലോക്ക് ചെയ്യാനാവില്ല. ഹർജിക്കാരി നോഡൽ ഓഫീസർക്ക്‌ പരാതി നൽകിയിട്ടില്ല. കുട്ടികൾക്കെതിരായതോ നിയമവിരുദ്ധമായ കാര്യങ്ങളോ വന്നാൽ നടപടിയെടുക്കണമെന്നാണ് വ്യവസ്ഥ. സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ cybercrime.gov.in എന്ന പേരിൽ ആരംഭിച്ച വെബ്സൈറ്റിൽ പേരു വെളിപ്പെടുത്താതെ പരാതി നൽകാം. 155260 എന്ന ഹെൽപ്‌‌ലൈനുമുണ്ട്‌. ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ ഇൻഫർമേഷൻ വകുപ്പിനും കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനും വെബ്സൈറ്റുകളെയും ആപ്ലിക്കേഷനുകളെയും നിരീക്ഷിക്കാനും ബ്ലോക്ക് ചെയ്യാനുമുള്ള ചുമതലയില്ലെന്നും സത്യവാങ്മൂലം പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top