കൊച്ചി
കേരള സ്റ്റേറ്റ് ഐടി മിഷൻ നേതൃത്വത്തിൽ പൊതുയിടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ ഫൈ പദ്ധതിയിലൂടെ ജില്ലയിലെ 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം. കെ ഫൈ കണക്ഷൻ ലഭിക്കുന്നതിനായി കേരള സർക്കാർ വൈഫൈ സെലക്ട് ചെയ്തശേഷം കെഫൈ എന്ന് സെലക്ട് ചെയ്യുമ്പോൾ ലാൻഡിങ് പേജിൽ മൊബൈൽ നമ്പർ കൊടുക്കാം. തുടർന്ന് ഒടിപി ജനറേറ്റ് ആകുകയും ഒരു ജിബി സൗജന്യ വൈഫൈ ലഭിക്കുകയും ചെയ്യും.
ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവനകേന്ദ്രങ്ങൾ തുടങ്ങിയ തെരഞ്ഞെടുത്ത ഇടങ്ങളിലാണ് വൈഫൈ സംവിധാനം. സേവനദാതാവായ ബിഎസ്എൻഎല്ലിന്റെ സഹായത്തോടെയാണ് പദ്ധതി. തീരദേശമേഖലയിലും സേവനം ലഭിക്കും.
ജനങ്ങൾക്ക് മൊബൈലിലും ലാപ്ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജി ബി വരെ 10 എംബിപിഎസ് വേഗമോടുകൂടി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ /വൗച്ചർ ഉപയോഗിച്ച് വൈഫൈ സേവനം തുടരാം. എന്നാൽ, ഒരു ജിബി ഡാറ്റ പരിധി കഴിഞ്ഞാലും സർക്കാർസേവനങ്ങൾ പരിധിയില്ലാതെ സൗജന്യമായി ലഭിക്കും.
ഓരോ കേന്ദ്രത്തിലും തുടക്കത്തിൽ രണ്ട് വൈഫൈ ആക്സസ് പോയിന്റുകളും 10 എംബിപിഎസ് ബാൻഡ് വിഡ്ത്തുമാണ് നൽകിയിരിക്കുന്നത്. ഒരേസമയം ഒരു ഹോട്ട്സ്പോട്ടിൽനിന്ന് 100 പേർക്ക് ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരണം. സൗജന്യ വൈഫൈ പ്രദേശങ്ങൾ അറിയാൻ itmission.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..