24 November Sunday

എൽഡിഎഫ്‌ വിജയം ; തകർന്നടിഞ്ഞു 
മാധ്യമനുണക്കോട്ടയും

ഒ വി സുരേഷ്‌Updated: Sunday Nov 24, 2024


തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പു ഫലംവന്നപ്പേൾ തകർന്നടിഞ്ഞത്‌ യുഡിഎഫ്‌ അനുകൂല സാഹചര്യം സൃഷ്‌ടിക്കാനുള്ള മാധ്യമങ്ങളുടെ നുണപ്രചാരണംകൂടിയാണ്‌. സർക്കാരിനും എൽഡിഎഫിനുമെതിരായ വികാരമുണ്ടാക്കാനുള്ള ശ്രമത്തിനൊപ്പം യുഡിഎഫിനോടുള്ള കരുതലും വ്യക്തമായിരുന്നു. അതെല്ലാം നിഷ്‌ഫലമായെന്നാണ്‌ ചേലക്കരയിൽ എൽഡിഎഫ്‌ വിജയം ആവർത്തിച്ചതിലൂടെയും പാലക്കാട്ട്‌ വോട്ട്‌ വർധിച്ചതിലൂടെയും തെളിയുന്നത്‌. 

എഡിഎമ്മിന്റെ ആത്മഹത്യ കത്തിച്ചുനിർത്തിയായിരുന്നു ആദ്യശ്രമം. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണെന്ന്‌ നിലപാടെടുത്ത പാർടി സംഘടനാപരമായ നടപടിയെടുത്തിട്ടും ‘പാർടി രണ്ടുതട്ടിൽ’ എന്നായി പ്രചാരണം. നെല്ലിന്റെ വില നൽകിയില്ലെന്ന്‌ പ്രചരിപ്പിച്ച്‌ കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമിച്ചവർ നവംബർ 14ന്‌ സംസ്ഥാനം 175 കോടി അനുവദിച്ചത്‌ മറച്ചുവച്ചു. കേന്ദ്രം നൽകേണ്ട സബ്‌സിഡിയാണ്‌ സംസ്ഥാനം അനുവദിച്ചത്‌. ജനങ്ങൾ അറിയേണ്ട വിവരം മറച്ചുവച്ച മാധ്യമങ്ങൾ അതേദിവസമാണ്‌ ‘ആത്‌മകഥാ വിവാദ’ത്തിന്‌ പേജുകളും സമയവും നീക്കിവച്ചത്‌.

സംസ്ഥാനത്ത്‌ സാമ്പത്തിക പ്രതിസന്ധി എന്ന പ്രതീതിയുണ്ടാക്കാൻ യുഡിഎഫ്‌– ബിജെപി അനുകൂല മാധ്യമങ്ങൾ തമ്മിൽ മത്സരമാണ്‌. ഡോ. പി സരിൻ കോൺഗ്രസ്‌വിട്ട്‌ ഇടതുപക്ഷത്തിനൊപ്പം ചേരുമെന്നായപ്പോൾ അദ്ദേഹം ഉയർത്തിയ വിമർശനങ്ങൾക്ക്‌ പ്രാധാന്യം നൽകാതെ അപഹസിക്കുകയായിരുന്നു. പിന്നാലെ സിപിഐ എം ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിന്റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കി രണ്ടുദിവസം ചാനൽചർച്ച നടത്തി. സന്ദീപ്‌ വാര്യർ ഒറ്റരാത്രികൊണ്ട്‌ ബിജെപിയിൽനിന്ന്‌ കോൺഗ്രസിൽ എത്തിയതിനെ മാധ്യമങ്ങൾ, കോൺഗ്രസിന്‌ നേട്ടമെന്നാണ്‌ വ്യാഖ്യാനിച്ചത്‌. യുഡിഎഫ്‌ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട കള്ളപ്പണം ആരോപണത്തിലും മാധ്യമങ്ങളുടെ കരുതൽ വ്യക്തമായിരുന്നു. ഷാഫി പറമ്പിലിന്‌ നാലുകോടി കൊടുത്തെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആവർത്തിച്ചിട്ടും പ്രധാന വാർത്തയായില്ല. ചേലക്കരയിൽ കെ രാധാകൃഷ്‌ണൻ എംപി പ്രചാരണത്തിനില്ലെന്ന്‌ കള്ളവാർത്ത നൽകിയും മാധ്യമങ്ങൾ യുഡിഎഫ്‌ പക്ഷപാതിത്വം കാണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top