ആലപ്പുഴ
ആലപ്പുഴയിലെ മുതുകുളത്ത് ക്രിസ്മസ് സന്ദേശം നൽകാനെത്തിയ സംഘത്തെ വിരട്ടിയോടിച്ച് ആർഎസ്‌എസ് നേതാവ്. ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്‌ഷനിൽ വെള്ളി വൈകിട്ടാണ് സംഭവം. ആർഎസ്‌എസ് കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കാരിച്ചാൽ ആശാരുപറമ്പിൽ നെൽസൺ എ ലോറൻസ്, അജയൻ, ആൽവിൻ എന്നിവരെ ഭീഷണിപ്പെടുത്തിയത്.
ക്രിസ്മസ് സന്ദേശം നൽകിക്കൊണ്ടിരുന്ന ഇവർക്കുനേരെ പാഞ്ഞടുത്ത രതീഷ്‌കുമാർ മൈക്ക് ഓഫ് ചെയ്യാനും പരിപാടി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. പരിപാടി നിർത്തിയില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ആളെക്കൂട്ടി നേരിടുമെന്നും ഭീഷണിപ്പെടുത്തി.
എല്ലാവർഷവും നൽകാറുള്ളതുപോലെ ക്രിസ്മസ് സന്ദേശം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞിട്ടും ഭീഷണി തുടർന്നു. ഈസമയം പരിപാടിയുടെ ഫെയ് സ്‌ബുക്ക് ലൈവ് നൽകുകയായിരുന്നു സംഘത്തിലുണ്ടായിരുന്ന നെൽസൺ. താൻ ആർഎസ്‌എസ് താലൂക്ക് കാര്യവാഹക് ആണെന്ന് രതീഷ്‌കുമാർ പരിചയപ്പെടുത്തുന്നത് നെൽസന്റെ ഫെയ് സ്‌ബുക്ക് ലൈവിലുണ്ട്. സന്ദേശം നൽകുന്നത് അവസാനിപ്പിച്ച് സംഘം മടങ്ങുംവരെ ഭീഷണി തുടർന്നു. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്ന് നെൽസൺ പറഞ്ഞു.
സ്കൂളിലെ ആഘോഷവും അലങ്കോലമാക്കി ; ഭയമൊഴിയാതെ
കുരുന്നുകൾ
‘‘ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു കുട്ടികളും അധ്യാപകരും. കാരൾ ഗാനങ്ങളും കൈയടിയുമായി കേക്ക് മുറിക്കാൻ ഒരുങ്ങുമ്പോഴാണ് മൂന്നുപേർ സ്കൂളിലേക്ക് അസഭ്യവർഷവുമായി ഇരച്ചെത്തിയത്. ക്രിസ്മസ് ആഘോഷിക്കാനും കേക്ക് മുറിക്കാനും ആരാണ് അനുവാദം തന്നത്? ആഘോഷം നടത്താൻ സർക്കുലർ ഉണ്ടോ? എന്നെല്ലാം അവർ ആക്രോശിക്കുന്നുണ്ടായിരുന്നു. ചുവന്ന ഡ്രസിട്ട് കുട്ടികളെ വഴിതെറ്റിക്കാൻ അനുവദിക്കില്ലെന്നും പരിപാടി ഉടൻ നിർത്തണമെന്നും ഭീഷണിപ്പെടുത്തി. അസഭ്യവർഷത്തിലും ആക്രോശത്തിലും ഭയന്ന് കൊച്ചുകുട്ടികൾ ചിതറിയോടി. ഭീഷണിയെത്തുടർന്ന് ഞങ്ങൾ ചടങ്ങ് അവസാനിപ്പിച്ചു’’–-ക്രിസ്മസ് ആഘോഷത്തിനിടെ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ
സംഘപരിവാറുകാർ അതിക്രമിച്ചുകയറി ഭീഷണി മുഴക്കിയ സംഭവം വിവരിക്കുമ്പോൾ പ്രധാനാധ്യാപിക എസ് ജയന്തിയുടെ വാക്കുകളിൽ ഭയം. ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കാത്തതിനാൽ മറ്റൊരാഘോഷവും വേണ്ട എന്നാക്രോശിച്ചായിരുന്നു അക്രമം. സംഭവത്തിൽ വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് വടക്കുംതറ കെ അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്തുകളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവർ റിമാൻഡിലാണ്. ആഘോഷങ്ങളിലും വിദ്വേഷം കലർത്തുന്ന സംഘപരിവാർ ശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ചിറ്റൂര്‍ ബ്ലോക്ക് കമ്മിറ്റി തിങ്കൾ രാവിലെ ഒമ്പതിന് നല്ലേപ്പിള്ളിയില്‍ സൗഹൃദ ക്രിസ്മസ് കാരള്‍ സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..