ന്യൂഡൽഹി
തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകൾ രാഷ്ട്രീയ പാർടികൾക്കും സ്ഥാനാർഥികൾക്കും ലഭ്യമാകുന്നത് തടയാനുള്ള തെരഞ്ഞെടുപ്പ് ചട്ട ദേഭഗതിനീക്കം കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ രാഷ്‌ട്രീയ പാർടികളുമായി കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പ് കമീഷൻ അവതരിപ്പിച്ചതാണ് വീഡിയോ ചിത്രീകരണമടക്കമുള്ള ഡിജിറ്റൽ മാർഗങ്ങൾ.
ചട്ടഭേദഗതിക്കായി കമീഷനുമായി കേന്ദ്രസർക്കാർ കൂടിയാലോചന നടത്തിയെന്നാണ് മാധ്യമ റിപ്പോർട്ട്. എന്നാൽ കീഴ്‌വഴക്കങ്ങൾക്ക് ലംഘിച്ച്, രാഷ്‌ട്രീയ പാർടികളുമായി ചർച്ച നടത്താതെയാണ് കമീഷൻ യോജിപ്പറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്യാൻ പരാതിക്കാരന് അവകാശമില്ലെന്ന കേന്ദ്രവാദം ദുരൂഹമാണ്. നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ് ഈ സമീപനം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഉയർന്ന തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം പോളിങ് ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിലേക്കും തുടർന്ന് രണ്ടു മണ്ഡലങ്ങളിലെയും പകുതിയോളം ബൂത്തുകളിലെ റീപോളിങ്ങിലേക്കും നയിച്ചതാണ് സിപിഐ എമ്മിന്റെ അനുഭവം. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിലുള്ള സർക്കാരിന്റെ നടപടി പിന്തിരിപ്പനാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിർദേശം ഉടൻ പിൻവലിക്കണമെന്ന് പിബി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..