കട്ടപ്പന
ഇടപാടുകാരന്റെ ആത്മഹത്യയെ തുടർന്ന് ചർച്ച ചെയ്യപ്പെടുന്ന കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സഹകരണ സംഘത്തിൽ കോൺഗ്രസ് നേതാക്കൾ തിരിച്ചടക്കാനുള്ളത് 10 കോടിയുടെ വായ്പ . കെപിസിസി അംഗം മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾവരെ ഇവരിലുണ്ട്. ഇതാണ് 17 വർഷം കോൺഗ്രസ് ഭരിച്ച സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത് . പ്രവർത്തനമാരംഭിച്ച 2005 മുതൽ യുഡിഎഫ് ഭരണസമിതി നിലനിന്ന 2021 വരെയുള്ള കാലയളവിൽ വായ്‌പയായി നൽകിയ 20 കോടി രൂപയാണ് തിരികെ ലഭിക്കാനു
ള്ളത്.
ക്രമക്കേടും അനധികൃത പ്രവർത്തനവും നടത്തിയതിന് 15 വർഷം പ്രവർത്തിച്ച സെക്രട്ടറിയെ പുറത്താക്കിയിരുന്നു. മുൻ ബോർഡ് അംഗങ്ങൾ 50,000 മുതൽ രണ്ട് ലക്ഷം രൂപ വരെ അടയ്ക്കാനുണ്ട്. കട്ടപ്പനയിൽ തന്നെയുള്ള യുഡിഎഫ് സഹകരണ സംഘത്തിലെ ചില ഭരണസമിതിയംഗങ്ങളും റൂറൽ ബാങ്കിൽ പണം അടയ്ക്കാനുണ്ട്. കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന കാഞ്ചിയാർ, കട്ടപ്പന, അണക്കര മേഖലയിലെ നിരവധി നേതാക്കൾ 50,000 മുതൽ 10 ലക്ഷം രൂപവരെ ബാങ്കിന് നൽകാനുണ്ട്. മുൻ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ഇതിൽപെടുന്നു.
കോൺഗ്രസ് , യുഡിഎഫ് നേതാക്കളുടെ ഭാര്യമാരുടെയും ബന്ധുക്കളുടെയും പേരിലും വായ്പാ കുടിശ്ശികയുണ്ട്. പുതുതായി ചുമതലയിൽവന്ന സഹകരണ സംരക്ഷണ മുന്നണി ഭരണസമിതി ഭാരവാഹികളും ജീവനക്കാരും ഇടപാടുകാരെ നേരിൽക്കണ്ട് കുടിശ്ശിക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടു തുടങ്ങി. കുടിശ്ശികയിൽപ്പെട്ട അഞ്ച് കോടി രൂപ തിരികെ വാങ്ങി ഇടപാടുകാർക്ക് ഇതുവരെ നൽകി.
ആദ്യ സെക്രട്ടറിയെ
പുറത്താക്കിയത് ക്രമക്കേടിന്
റൂറൽ സഹകരണ സംഘത്തിൽ നിയമലംഘനങ്ങളും വഴിവിട്ട പ്രവർത്തനങ്ങളും നടത്തി വായ്പകൾ നൽകിയതിനാണ് മുൻ സെക്രട്ടറി കെ വി കുര്യാക്കോസിനെ 2020 ഫെബ്രുവരി 15ന് പുറത്താക്കിയത്. സംഘത്തിന്റെ തുടക്കം മുതലുള്ള സെക്രട്ടറിയായിരുന്നു യുഡിഎഫിന്റെ സഹകരണ യൂണിയൻ നേതാവായിരുന്ന ഇദ്ദേഹം. വഴിവിട്ടും നിയമപ്രകാരമല്ലാതെയും ഇഷ്ടക്കാരെ അംഗങ്ങളാക്കിയതിനും ബന്ധുക്കൾക്ക് ഉൾപ്പെടെ നിരവധിപേർക്ക് വലിയ തുക വായ്പ നൽകിയതിനും കട്ടപ്പന പൊലീസിൽ ഭരണസമിതി പരാതി നൽകിയിട്ടുണ്ട്. ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തിട്ടുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..