അങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ബെനഗൽ ഹിന്ദി സിനിമയിലെ ഏകാന്ത പഥികനായിരുന്നു. അങ്കുറിന് ശേഷം വന്ന നിശാന്ത്, മന്ഥൻ, ഭൂമിക തുടങ്ങിയവയും അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. സത്യജിത് റേയെപോലെ ബെനഗലും പരസ്യരംഗത്തുനിന്നാണ് സിനിമയിലെത്തിയത്. പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിൽ എന്നും ദത്തശ്രദ്ധൻ. ഷബാനാ ആസ്മി, സ്മിതാ പാട്ടീൽ തുടങ്ങിയവർ ഉദാഹരണം. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം കഴിഞ്ഞെത്തിയ ഷബാനയും മറാത്തി ടെലിവിഷൻ ന്യൂസ് റീഡറായ സ്മിതയും പ്രഗൽഭ അഭിനേത്രികളായി മാറുകയും ചെയ്തു.
ഗ്രാമീണ ഇന്ത്യയിലെ അസമത്വത്തിന്റെയും അടിമത്തത്തിന്റെയും നേർക്കാഴ്ചയായി അങ്കുർ. "നിശാന്തി'ൽ ജമീന്ദാർമാരുടെ ചൂഷണത്തിനെതിരെ ഗ്രാമീണർ ആയുധമേന്തുന്നു. രാത്രിയുടെ അന്ത്യം എന്ന ശീർഷകം അന്വർഥമാക്കുംവിധം ജമീന്ദാർമാരുടെ പീഡനത്തിന് സാധാരണക്കാർ അന്ത്യംകുറിച്ചു. ഗ്രാമീണർ ജമീന്ദാർമാരെയും പിണിയാളുകളെയും തുരത്തുന്ന നീണ്ട സീക്വൻസ് നിശാന്തിന്റെ പ്രത്യേകതയാണ്.
ബെനഗലിന്റെ രചനകളിൽ വേറിട്ടു നിൽക്കുന്നതാണ് തൃകാൽ. ഗോവ പശ്ചാത്തലമായ തൃകാലിലെ കഥാകഥനവും രൂപഘടനയും സർ റിയലിസ്റ്റിക് മാതൃകയിലാണ്. നായകൻ നസിറുദ്ദീൻ ഷാ. നിശാന്തിൽ തുടങ്ങിയ ഷാ‐ ബെനഗൽ ബന്ധം ഏറെക്കാലം തുടർന്നു. അടൂർ ചിത്രങ്ങൾ ബെനഗലിന് ഏറെ ഇഷ്ടമായിരുന്നു. സത്യജിത് റേയെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി വ്യത്യസ്‌തമാണ്. ബെനഗലിന്റെ ആദ്യകാല ചിത്രങ്ങളുടെയെല്ലാം ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനിയായിരുന്നു. അദ്ദേഹത്തിന്റെ മൾട്ടി സ്റ്റാർ പടമാണ് മണ്ഡി. അതിൽ നസ്റുദ്ദീൻ ഷായും ഓംപുരിയും സ്മിതപാട്ടീലും ഷബാന ആസ്മിയുമടക്കമുണ്ട്.
ബ്രിട്ടീഷ് കാലത്തെയും സ്വാതന്ത്ര്യ സമരത്തെയും പശ്ചാലമാക്കിയതാണ് ജുനൂൺ. ശശികപൂർ നിർമിച്ച് അഭിനയിച്ച പടം. സിനിമക്കുള്ളിലെ സിനിമയാണ് "ഭൂമിക'ക്ക് ആധാരം. സിനിമാ നടിയായി സ്മിതപാട്ടീൽ. സർദാറി ബീഗം, സൂരജ് കാ സാത്വവാ ഗോഡ, മാമോ, ദ മെയ്ക്കിങ്ങ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..