ചിറ്റൂർ/ഹരിപ്പാട്
ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ക്രിസ്‌മസ് ആഘോഷം തടയുകയും വിദ്യാർഥികളെയും അധ്യാപകരെയും ഭിഷണിപ്പെടുത്തുകയും ചെയ്‌ത സംഘപരിവാർ നടപടിക്കെതിരെ ഡിവൈഎഫ്ഐ സ്‌കൂളിന് മുന്നിൽ കേക്ക് മുറിച്ചും കാരൾ നടത്തിയും പ്രതിഷേധിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ ഉദ്‌ഘാടനം ചെയ്‌തു.
വെള്ളിയാഴ്‌ചയാണ് നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് വടക്കുംതറ കെ അനിൽകുമാറിന്റെ നേതൃത്വത്തിൽ സംഘപരിവാർ അതിക്രമമുണ്ടായത്. കെഎസ്ടിഎ ജില്ലാ കമ്മിറ്റി നല്ലേപ്പിള്ളിയിൽ സംഘടിപ്പിച്ച പ്രകടനവും യോഗവും സിപിഐ എം ചിറ്റൂർ ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ് ഉദ്ഘാടനം ചെയ്‌തു. ഹരിപ്പാട് കാർത്തികപ്പള്ളിയിൽ ക്രിസ്‌മസ് സന്ദേശം തടഞ്ഞ ആർഎസ്‌എസ് അതിക്രമത്തിനെതിരെ പ്രതിഷേധ കാരൾ ഒരുക്കി ഡിവൈഎഫ്ഐ. സാന്താക്ലോസ് വേഷമണിഞ്ഞും കാരൾഗാനം പാടിയും തെരുവിലിറങ്ങിയ യുവജനങ്ങൾ വർഗീയത ഈ മണ്ണിൽ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞു.
വെള്ളി വൈകിട്ടാണ് മുതുകുളത്ത് ക്രിസ്‌മസ് സന്ദേശം നൽകാനെത്തിയവരെ ആർഎസ്‌എസുകാർ വിരട്ടിയോടിച്ചത്. താലൂക്ക് കാര്യവാഹക് രതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു കാരിച്ചാൽ ആശാരുപറമ്പിൽ നെൽസൺ എ ലോറൻസ്, അജയൻ, ആൽവിൻ എന്നിവർക്കുനേരെ ഭീഷണിയും ആക്രോശവും. മൈക്ക് ഓഫ് ചെയ്യിപ്പിച്ചു. ഇവർ മടങ്ങുന്നതുവരെ ഭീഷണി തുടർന്നു. പ്രതിഷേധ കാരൾ സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി ഉദ്ഘാടനം ചെയ്‌തു.
ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലമാക്കി കേരളത്തിലെ സാമുദായിക സൗഹാർദ്ദവും സമാധാന അന്തരീക്ഷവും തകർക്കാനുള്ള സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് വ്യക്തമാക്കി. പാലക്കാടും മുതുകുളത്തും ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചസംഭവങ്ങൾ കേരളത്തിന്റെ മതനിരപേക്ഷതയ്‌ക്കെതിരായ ആക്രമണമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..