കട്ടപ്പന
വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിയായിരുന്ന, കുറ്റവിമുക്തനാക്കപ്പെട്ട ചുരക്കുളം എംഎംജെ എസ്റ്റേറ്റിലെ അർജുൻ (25) വിചാരണക്കോടതിയിൽ ഹാജരായി. ഹൈക്കോടതി നിർദേശപ്രകാരമാണ് തിങ്കൾ രാവിലെ കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജുവിനുമുമ്പിൽ ഹാജരായത്. 50,000 രൂപയുടെ ബോണ്ടിലും രണ്ടുപേരുടെ ആൾജാമ്യത്തിലും വിട്ടയച്ചു. സംസ്ഥാനം വിടരുതെന്നും ഹൈക്കോടതി വിളിക്കുമ്പോൾ ഹാജരാകണമെന്നും താമസിക്കുന്ന സ്ഥലത്തെ മേൽവിലാസം മാറ്റരുതെന്നും കോടതി നിർദേശിച്ചു. പാസ്‌പോർട്ടും ഹാജരാക്കി.അർജുനെ വെറുതെവിട്ട കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയതിനെത്തുടർന്ന്, കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെതുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്. 2021 ജൂൺ 30നാണ് ആറുവയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ അർജുൻ പീഡിപ്പിച്ചുകൊന്നതാണെന്ന് കണ്ടെത്തി. കട്ടപ്പന കോടതി വിചാരണ പൂർത്തിയാക്കി 2023 ഡിസംബർ 14ന് പ്രതിയെ വെറുതെവിട്ടു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്എച്ച്ഒ ടി ഡി സുനിൽകുമാറിനെ കഴിഞ്ഞ ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..