കണ്ണൂർ
സംസ്ഥാനത്ത് നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 1067 പേർ മാത്രം. 2016ൽ 2,46,866 പേരാണ് വേതനം കൈപ്പറ്റിയിരുന്നത്. 231 ഇരട്ടിയിലേറെയാണ് എണ്ണത്തിൽ കുറവുവന്നത്. എൽഡിഎഫ് ഭരണത്തിൽ ഒമ്പതു വർഷംകൊണ്ട് രണ്ടര ലക്ഷത്തോളം പേർ സർക്കാർ, അർധസർക്കാർ, പൊതുമേഖല,-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുകയോ സ്വയംതൊഴിൽ കണ്ടെത്തുകയോ ചെയ്തെന്ന് കണക്ക് വ്യക്തമാക്കുന്നു.
കാസർകോട്ട് തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ ആരുമില്ല. എറണാകുളത്ത് രണ്ടുപേർമാത്രം. കൂടുതൽ ആലപ്പുഴയിലാണ്, -638 പേർ. രണ്ടാമത് കോട്ടയം,- 188. കണ്ണൂരിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 21പേർ മാത്രം. 2022–-23 സാമ്പത്തികവർഷം 120പേരും 2023–-24ൽ 67 പേരുമാണ് വാങ്ങിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ രൂക്ഷമായ തൊഴിലില്ലായ്മയെ ഇടതുപക്ഷ സർക്കാർ ചുരുങ്ങിയ കാലംകൊണ്ട് മറികടന്നുവെന്നതിന് തെളിവാണിത്. യുവജനങ്ങൾക്കായി ഈ സർക്കാർ നിരവധി തൊഴിലവസരങ്ങൾ തുറന്നിട്ടു. നിരവധി തൊഴിൽസംരംഭങ്ങൾ സംസ്ഥാനത്തേക്ക് ആകർഷിച്ചു. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയും എംപ്ലോയബിലിറ്റി സെന്റർ വഴിയും തൊഴിൽനൽകി.
തൊഴിൽരഹിതവേതനം വാങ്ങുന്നവർക്കുമാത്രമായി തൊഴിൽ നൽകാനുള്ള പദ്ധതികളില്ലെങ്കിലും തൊഴിലവസരങ്ങൾ വിർധിപ്പിച്ചു. പിഎസ്‌സി നിയമനങ്ങളിൽ വേഗവും കൃത്യതയും ഉറപ്പാക്കി. വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത ക്ലാസുകളും പരിശീലനവും നൽകി. സ്വയംതൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിക്കുമ്പോൾ തൊഴിൽരഹിതർക്ക് മുൻഗണന നൽകാറുണ്ടെന്ന് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ രമേശൻ കുനിയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..