22 November Friday

കാവ്യഭംഗിയിൽ ചങ്ങമ്പുഴ പാർക്ക്‌ ; നാളെ വീണ്ടും അരങ്ങുണരും

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024


കൊച്ചി
അഞ്ചുകോടിയോളം രൂപ ചെലവിട്ട്‌ നവീകരിച്ച ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലെ ആദ്യ കലാ അവതരണം ഞായറാഴ്‌ച വൈകിട്ട്‌ നടക്കും. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തോപ്പിൽ ഭാസി ജന്മശതാബ്ദി സമൃതിസംഗമമാണ്‌ ആദ്യ പരിപാടി. ഇതോടനുബന്ധിച്ചുള്ള നാടകഗാനമാലികയും തോപ്പിൽ ഭാസിയുടെ ആത്മകഥ ആധാരമാക്കിയുള്ള കെപിഎസിയുടെ ‘ഒളിവിലെ ഓർമകൾ’ നാടകവും നടക്കും. 

മഹാകവി ചങ്ങമ്പുഴ കൃഷ്‌ണപിള്ളയുടെ ജന്മദേശമായ ഇടപ്പള്ളിയിൽ 1977ലാണ്‌ ജിസിഡിഎ അദ്ദേഹത്തിന്റെ പേരിൽ രണ്ടേക്കറോളം വിസ്‌തൃതിയുള്ള പാർക്ക്‌ സ്ഥാപിച്ചത്‌. പിന്നീട്‌ ചങ്ങമ്പുഴ സ്‌മാരക സൊസൈറ്റി രൂപീകരിച്ചതോടെ നഗരത്തിലെ സാംസ്‌കാരിക കേന്ദ്രമായി പാർക്ക്‌ മാറി. കാൽനൂറ്റാണ്ടിലേറെയായി ഒരുദിവസംപോലും മുടക്കില്ലാതെ വൈവിധ്യമാർന്ന കലാവതരണങ്ങൾക്ക്‌ വേദിയാണിവിടം. ദേശീയ അന്തർദേശീയ പ്രശസ്‌തരായ കലാപ്രവർത്തകരും സംഘടനകളുംമുതൽ പ്രാദേശിക കൂട്ടായ്‌മകളുടെവരെ കലാവതരണങ്ങൾ നടന്നിരുന്നു.

പാർക്കിലെ വേദിയും സദസ്സും മൂന്നുമാസത്തോളമായി നടക്കുന്ന നവീകരണ ജോലികളുടെ ഭാഗമായി ശൂന്യമാണ്‌. ആധുനികസൗകര്യങ്ങളോടെയാണ്‌ മുഖംമിനുക്കിയിട്ടുള്ളത്‌. നവീകരിച്ച പാർക്ക്‌ സെപ്‌തംബർ 12ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ ഒരാഴ്‌ചത്തെ സാംസ്‌കാരികോത്സവവും നടക്കും. ഞായറാഴ്‌ച നടക്കുന്ന ആദ്യ കലാവതരണം അതിന്റെ കേളികൊട്ടാകും.

സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡുമായി (സിഎസ്എംഎൽ) ചേർന്നാണ്‌ ജിസിഡിഎ നവീകരണം നടത്തുന്നത്‌. പാർക്കിനെ കൂടുതൽ ആകർഷകവും മനോഹരവുമാക്കുംവിധമുള്ള സംവിധാനങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. വെള്ളക്കെട്ടിന്‌ പരിഹാരമായി പാർക്ക്‌ റോഡ് നിരപ്പിലേക്ക് ഉയർത്തി, ഓഡിറ്റോറിയം ആധുനികരീതിയിൽ നവീകരിച്ചു, ശബ്ദസംവിധാനവും ആധുനികമാക്കി. ആർട്ട് ഗ്യാലറിയും ചെറിയ ആംഫി തിയറ്ററും സ്ഥാപിച്ചു. ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്തി. വിശ്രമമുറി തയ്യാറാക്കി. ശുചിമുറിസൗകര്യങ്ങൾ വിപുലമാക്കി. നടപ്പാതകളും പരിസരവും നവീകരിച്ചു. വെളിച്ചസംവിധാനവും പുതുക്കി. കുട്ടികൾക്കായി പുതിയ കളി ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top