കളമശേരി
വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശേരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വിജയമെന്ന് വിലയിരുത്തൽ. മന്ത്രി വിളിച്ച യോഗത്തിൽ വ്യാപാരികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ 21 ദിവസം പിന്നിട്ട ട്രാഫിക് പരിഷ്കാരം വിലയിരുത്തി. പരിഷ്കാരം വലിയ വിജയമാണെന്നും ഇത് തുടരണമെന്നും യോജിച്ച അഭിപ്രായമുയർന്നു.
ദേശീയപാതയിലെ ട്രാഫിക് ലൈറ്റ് സിഗ്നലുകൾ ഓഫ് ചെയ്യുകയും വാഹനങ്ങളുടെ ക്രോസിങ് ഒഴിവാക്കുകയും ചെയ്തതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുകയും കാർബൺ ബഹിർഗമനത്തോത് 94ൽനിന്ന് 34 ആയി കുറഞ്ഞതായി ആർടിഒ (എൻഫോഴ്സ്മെന്റ്) കെ മനോജ് പറഞ്ഞു. ദിവസേന സ്വകാര്യബസുകൾക്ക് ഏഴു ലിറ്റർവരെ ഡീസൽ ചെലവിൽ കുറവുമുണ്ടായി.
എച്ച്എംടി റോഡിലും നോർത്ത് കളമശേരിയിലും കടകളിലേക്ക് വരുന്നവരുടെ വാഹനം നിശ്ചിതസമയം നിർത്തിയിടാൻ സംവിധാനമുണ്ടാക്കണമെന്നും ദീർഘസമയത്തേക്ക് നിർത്തിയിടുന്നത് നിരുത്സാഹപ്പെടുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. പ്രീമിയർ കവലയിൽ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനുസമീപം ഒരേസമയം മൂന്ന് ഓട്ടോകൾവരെ നിർത്തിയിടാൻ അനുമതി നൽകും.
കാൽനടക്കാർക്കായി കുസാറ്റ് കവലയിൽ ഉൾപ്പെടെ അഞ്ച് സീബ്രാ ക്രോസിങ് സ്ഥാപിക്കും. ആര്യാസ് ജങ്ഷനിൽനിന്ന് എച്ച്എംടി കവലയിലേക്ക് പോകാൻ പഴയ ഹൈവേയിലെ റെയിൽവേ മേൽപ്പാലത്തിൽ പ്രത്യേക നടപ്പാത നിർമിക്കും. തിരക്കുള്ള സമയത്ത് ഭാരവാഹനങ്ങൾ കണ്ടെയ്നർ റോഡുവഴി തിരിച്ചുവിടുമെന്ന് എസിപി കെ എ അഷ്റഫ് പറഞ്ഞു. ഇടപ്പള്ളി ടോളിൽ നിലവിലെ യു ടേൺ റോഡിന് കൂടുതൽ വീതിയുള്ള ഭാഗത്തേക്ക് മാറ്റുന്നത് അടുത്തയാഴ്ചയോടെ പൂർത്തിയാകുമെന്നും തുടർന്ന് കുറെക്കൂടി സുഗമമായ യാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ അധ്വാനിച്ച ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വ്യാപാരികളെയും മന്ത്രി അഭിനന്ദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..