മട്ടാഞ്ചേരി
പാരമ്പര്യ ദീപസ്തംഭവിളക്ക് തെളിച്ച് മട്ടാഞ്ചേരിയിൽ ജൂതരുടെ പുതുവത്സരം ആഘോഷിച്ചു. സമാധാനത്തിനായി പ്രാർഥിച്ചാണ് പുതുവത്സരാഘോഷം സമാപിച്ചത്. ഹിബ്രൂ കലണ്ടർപ്രകാരമുള്ള 5785 വർഷത്തെ ആദ്യത്തെ തിസ്റി മാസത്തിലാണ് ജൂതർ നവവത്സരാഘോഷം നടത്തുന്നത്.
കൊച്ചിയിലെ ജൂതത്തെരുവിലുള്ള ജൂതപ്പള്ളിയങ്കണത്തിൽ 58 തിരി വിളക്കുകൾ തെളിച്ചാണ് സാമി അലേ ഹുവ ഓർ ദിനമായ ‘സിംഹ തോറ’ ആഘോഷം നടന്നത്. കൊച്ചിയിൽ നിലവിൽ കീത്ത് ഹലേഗ്വ മാത്രമാണ് ജൂത സമുദായാംഗമായുള്ളത്. പള്ളി ക്യൂറേറ്റർ ജോയി ദീപം തെളിക്കലിന് നേതൃത്വം നൽകി. 1568ൽ സ്ഥാപിച്ച ദക്ഷിണേഷ്യയിലെ പുരാതന ജൂതപ്പള്ളി (സിനഗോഗ്)യാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 22 ദിവസത്തെ ആഘോഷങ്ങൾക്ക് ദീപസ്തംഭ പ്രകാശനത്തിലൂടെ സമാപനമായി. ജീവിതം പ്രകാശപൂരിതമാകാനുള്ള പ്രാർഥനയുമായാണ് ജൂതസമൂഹം ദീപസ്തംഭം തെളിക്കുന്നത്. ജൂതഭവനങ്ങൾ ദീപാലംകൃതമാക്കുകയും ചെയ്യും. ശനിയാഴ്ച പ്രാർഥനാദിനമായ സബാത്ത് ദിനത്തിൽ പ്രത്യേക ആഘോഷങ്ങൾ നടക്കാറില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..