കോതമംഗലം
ജില്ലാ കായികമേളയിൽ കോതമംഗലവും മാർ ബേസിൽ എച്ച്‌എസ്‌എസും അജയ്യർ. ആദ്യദിനംമുതൽ കുതിപ്പ് തുടർന്ന കോതമംഗലം ഉപജില്ല തുടർച്ചയായി 21–-ാം വർഷമാണ് ചാമ്പ്യൻമാരാകുന്നത്. കരുത്തായത് മാർ ബേസിലും കീരമ്പാറ സെന്റ് സ്റ്റീഫൻസും.44 സ്വർണവും 38 വെള്ളിയും 17 വെങ്കലവുമടക്കം 368 പോയിന്റാണ് കോതമംഗലം ഉപജില്ല നേടിയത്. ഇത്തവണ ഏഴു സ്വർണം കുറഞ്ഞു.16 സ്വർണവും 15 വെള്ളിയും 14 വെങ്കലവുമടക്കം 162 പോയിന്റോടെ അങ്കമാലി ഉപജില്ല രണ്ടാംസ്ഥാനം നിലനിർത്തി. പെരുമ്പാവൂർ ഉപജില്ല 99 പോയിന്റോടെ മൂന്നാമതായി. പത്തുവീതം സ്വർണവും വെള്ളിയും എട്ട് വെങ്കലവുമാണ് സമ്പാദ്യം.
മറ്റ് ഉപജില്ലകളുടെ പോയിന്റ് നില–-കല്ലൂർക്കാട് 56, ആലുവ 51, വൈപ്പിൻ 48, എറണാകുളം 47, തൃപ്പൂണിത്തുറ 32, പിറവം 20, കൂത്താട്ടുകുളം 16, കോലഞ്ചേരി 13, നോർത്ത് പറവൂർ 10, മൂവാറ്റുപുഴ അഞ്ച്. കോലഞ്ചേരി, മൂവാറ്റുപുഴ ഉപജില്ലകൾ സ്വർണമെഡൽ ഇല്ലാതെ അവസാനിപ്പിച്ചപ്പോൾ മട്ടാഞ്ചേരി ഉപജില്ല പോയിന്റ് പട്ടികയിൽപ്പോലും ഇടംപിടിക്കാനായില്ല.
സ്‌കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്‌എസ്‌എസ് തന്നെയാണ് ചാമ്പ്യൻ. 185 പോയിന്റോടെയാണ് കിരീടം നിലനിർത്തിയത്. സ്വർണം 22, വെള്ളി 21, വെങ്കലം 11 എന്നിങ്ങനെയാണ് മെഡൽനില. കീരമ്പാറ സെന്റ് സ്‌റ്റീഫൻസ് എച്ച്‌എസ്‌എസ് 110 പോയിന്റുമായി രണ്ടാമതായി. മെഡൽനില: സ്വർണം 14, വെള്ളി 12, വെങ്കലം അഞ്ച്. 74 പോയിന്റുള്ള അങ്കമാലി മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് എച്ച്‌എസാണ് മൂന്നാമത്. പത്ത് സ്വർണവും ആറുവീതം വെള്ളിയും വെങ്കലവുമാണ് കരസ്ഥമാക്കിയത്. കഴിഞ്ഞവർഷം നാലാമതായിരുന്നു.
മുൻവർഷം ഏഴാംസ്ഥാനത്തായിരുന്ന പെരുമ്പാവൂർ വെസ്‌റ്റ് വെങ്ങോല ശാലേം എച്ച്‌എസ്‌എസ് 34 പോയിന്റുമായി നാലാംസ്ഥാനം നേടി. സെന്റ് സ്‌റ്റീഫൻസ് ഗേൾസ് എച്ച്‌എസ്‌എസ് കീരമ്പാറ (പോയിന്റ് 29), എസ്‌എൻഎച്ച്‌എസ്‌എസ് ഒക്കൽ 22, എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്‌എസ്‌എസ് 17, നായരമ്പലം ഭഗവതി വിലാസം എച്ച്‌എസ് 16, കല്ലൂർക്കാട് സെന്റ് അഗസ്‌റ്റിൻസ് എച്ച്‌എസ്‌എസ് 14, ചുള്ളി സെന്റ് ജോർജ് ഇഎംഎച്ച്‌എസ് 13 എന്നീ സ്‌കൂളുകൾ അഞ്ചുമുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലെത്തി. സമാപനസമ്മേളനം ഉദ്‌ഘാടനവും സമ്മാനദാനവും ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..