തിരുവനന്തപുരം
തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ വിവിധ ഗ്രാമങ്ങളിൽ തള്ളിയിരുന്ന ആശുപത്രിമാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്ത് കേരളം. ഞായറാഴ്ച മാലിന്യങ്ങൾ ഭൂരിഭാഗം നീക്കം ചെയ്ത് ക്ലീൻകേരള കമ്പനിയുടെ കൊല്ലം, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ ഗോഡൗണുകളിൽ എത്തിച്ചു.
തിങ്കളാഴ്ച മാലിന്യം നീക്കുന്നതിനിടെ ലോറി ചെളിയിൽ പുതഞ്ഞിരുന്നു. ഏറെ പരിശ്രമിച്ചാണ് ലോറി പുറത്തെടുത്തത്. കനത്ത കാറ്റിന്റെ ശക്തിയിൽ പ്ലാസ്റ്റിക് മാലിന്യം സമീപസ്ഥലങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതടക്കം ശേഖരിച്ചിട്ടുണ്ട്. മാലിന്യം നീക്കാൻ കേരളത്തിലെ ഉദ്യോഗസ്ഥരിൽനിന്ന് പൂർണപിന്തുണ കിട്ടിയെന്ന് തമിഴ്‌നാട് വ്യക്തമാക്കി. മാലിന്യം നീക്കം ചെയ്തതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി തിങ്കളാഴ്ച ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. അതേസമയം, മാലിന്യം ശേഖരിക്കുന്ന ഏജൻസിയുടെ ഉത്തരവാദിത്വമില്ലായ്മയിൽ സംസ്ഥാന സർക്കാരിന് ചെലവായത് ലക്ഷങ്ങളാണ്.
ക്ലീൻകേരള കമ്പനി ജീവനക്കാർ, തിരുവനന്തപുരം കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവരടങ്ങിയ സംഘമാണ് തിരുനെൽവേലിയിലെത്തി മാലിന്യം നീക്കിയത്. മാലിന്യം കേരളത്തിലെത്തിക്കാൻ നിരവധി ലോറികളും ആവശ്യമായി വന്നു. അസിസ്റ്റന്റ് കലക്ടർ സാക്ഷി മോഹന്റെ നേതൃത്വത്തിലാണ് സംഘം തിരുനെൽവേലിയിൽ എത്തിയത്. ഇവർ ചൊവ്വ ഉച്ചയോടെ തിരിച്ചെത്തും.
ശേഖരിച്ച മാലിന്യത്തിൽ പൊടിഞ്ഞതും പഴകിയതും കൊച്ചിയിലെ കെയിലിന് ലാൻഡ് ഫില്ലിങ്ങിന് കൈമാറും. ബയോമെഡിക്കൽ മാലിന്യങ്ങളും സംസ്കരിക്കാൻ കെയിലിന് സൗകര്യമുണ്ട്. സിമന്റ് ഫാക്ടറികൾക്ക് നൽകേണ്ടവയുണ്ടെങ്കിൽ അതും കൈമാറും. സംഭവത്തിൽ ഇതുവരെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ, കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെ സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
30 ലോറിയിലായി 300ടൺ മാലിന്യം നീക്കിയെന്നാണ് പ്രാഥമിക കണക്ക്. ക്ലീൻകേരള കമ്പനിയുടെ ഗോഡൗണുകളിൽ മാലിന്യം വേർതിരിക്കുന്ന നടപടിയും ആരംഭിച്ചു. മാലിന്യം നീക്കിയതിന്റെ ചിത്രങ്ങൾ സഹിതം സംസ്ഥാന സർക്കാരും ദേശീയ ഹരിത ട്രിബ്യൂണലിന് കൈമാറും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ഡോ.രത്തൻ യു ഖേൽക്കർ എന്നിവർ യോഗം ചേർന്നാണ് മാലിന്യനീക്കത്തിന് പദ്ധതി തയ്യാറാക്കിയത്.
ആർസിസി
നിയമനടപടിക്ക്
മാലിന്യം തള്ളിയതിൽ ഉത്തരവാദിത്തമില്ലെന്ന് ആർസിസിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ കരാറെടുത്ത സൺ ഏജ് ഏജൻസി. മാലിന്യമെടുക്കാനുള്ള ഉപകരാർ തമിഴ്‌നാട്ടിലെ സിമന്റ്, ടൈൽ കമ്പനികൾക്ക് നൽകിയിരുന്നുവെന്ന നിരുത്തരവാദപരമായ വിശദീകരണമാണ് ഏജൻസി നൽകിയത്. ഇതോടെ നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് ആർസിസി
ഹൈക്കോടതി റിപ്പോർട്ട് തേടി
കേരളത്തിൽനിന്നുള്ള ബയോ മെഡിക്കൽമാലിന്യം തിരുനെൽവേലിയിൽ തള്ളിയതിൽ ഹൈക്കോടതിയുടെ ഇടപെടൽ. ജനുവരി 10ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയോട് ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്‌റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയം പരിഗണിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..