24 December Tuesday

എറണാകുളം ജനറൽ ആശുപത്രിയിൽ 
‘പ്രതീക്ഷ’ പദ്ധതിക്ക്‌ തുടക്കമായി ; പ്രതീക്ഷയോടെ പാലിയേറ്റീവ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 24, 2024


കൊച്ചി
കിടപ്പുരോഗികളുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട്‌ എറണാകുളം ജനറൽ ആശുപത്രി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയറിന്റെ  ‘പ്രതീക്ഷ’ പദ്ധതി  തുടങ്ങി. തെരഞ്ഞെടുത്ത 60 രോഗികളിൽ എട്ടുപേർക്ക്‌ തീവ്രപരിചരണവും ബാക്കിയുള്ളവർക്ക്‌ പരിചരണവും നൽകും.

ജനുവരിയിൽ ആരംഭിച്ച 100 ദിവസത്തെ സാന്ത്വന പരിചരണ പദ്ധതിയായ അനുഗാമിയുടെ തുടർച്ചയാണ് പ്രതീക്ഷയെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ പറഞ്ഞു. പക്ഷാഘാതം, പാർക്കിൻസൺസ്, സെറിബ്രൽപാൾസി, വാർധക്യസഹജമായ പ്രശ്നങ്ങൾ, സന്ധിവാതം തുടങ്ങിയ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലിയേറ്റീവ് കെയർ രോഗികളെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണയാണ്‌ സന്ദർശിക്കാറുള്ളത്‌. എന്നാൽ, തീവ്രപരിചരണം ആവശ്യമുള്ള എട്ട്‌ രോഗികളെ ഫിസിയോതെറാപ്പിസ്റ്റും യൂണിറ്റും ദിവസവും സന്ദർശിച്ച് അവരുടെ പുരോഗതി നിരീക്ഷിച്ച്‌ റിപ്പോർട്ട് തയ്യാറാക്കും.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ -ഏതുതരത്തിലുള്ള ഫിസിയോതെറാപ്പി വേണമെന്ന് തീരുമാനിക്കാൻ സാധിക്കും. പരിചരണത്തിനൊപ്പം രോഗിക്കും ബന്ധുക്കൾക്കും ബോധവൽക്കരണം നൽകും. പടിപടിയായി രോഗിയുടെ ജീവിതനിലവാരം ഉയർത്തുകയാണ്‌ ലക്ഷ്യം.

2008ൽ ദേശീയ ആരോഗ്യമിഷന്റെ സഹകരണത്തോടെ ആരംഭിച്ച എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് 10,830 രോഗികൾക്ക് പരിചരണം നൽകിയിട്ടുണ്ട്‌. മെഡിക്കൽ ഓഫീസറും ആറ്‌ സ്റ്റാഫ്‌ നഴ്‌സും കമ്യൂണിറ്റി നഴ്സും ഫാർമസിസ്‌റ്റും ഡാറ്റ എൻട്രി ഓപ്പറേറ്ററും പാലിയേറ്റീവ്‌ വിഭാഗത്തിൽ ജോലി ചെയ്യുന്നു. അഞ്ചുദിവസം ഹോം കെയറും ഒരുദിവസം ഒപിയും പ്രവർത്തിക്കുന്നുണ്ട്‌. 36 ഡിവിഷനിലെ രോഗികൾക്കാണ്‌ ഹോം കെയറിലൂടെ സേവനം നൽകുന്നത്‌.

അരികെ പാലിയേറ്റീവ് കെയറിന് ഇലക്ട്രിക് കാര്‍
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കായി ഐഎംഎ കൊച്ചി, കപ്പൽശാലയുമായി സഹകരിച്ച്‌ അരികെ പാലിയേറ്റീവ് ഹോം കെയറിന് ഇലക്‌ട്രിക്‌ കാർ സമ്മാനിച്ചു. കലൂർ ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചി കപ്പൽശാല എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഷിപ് ബിൽഡിങ്‌) ഡോ. എസ് ഹരികൃഷ്ണൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്‌തു.

പൊതുനന്മ ഫണ്ട്‌ മേധാവി പി എൻ സമ്പത്ത്കുമാർ, മാനേജർ എ കെ യൂസഫ്, ഐഎംഎ കൊച്ചി സെക്രട്ടറി ഡോ. സച്ചിൻ സുരേഷ്, ഡോ. അതുൽ ജോസഫ്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. ജോർജ്‌ തുകലൻ, അരികെ പാലിയേറ്റീവ് കെയർ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top