കൊച്ചി
വെർച്വൽ അറസ്‌റ്റ് തട്ടിപ്പിലെ മുഖ്യസൂത്രധാരൻ ലിങ്കൺ ബിശ്വാസ് തട്ടിപ്പുപണം ഉപയോഗിച്ചിരുന്നത് ആഡംബരജീവിതത്തിന്. കമ്പിളിപ്പുതപ്പ് മൊത്തക്കച്ചവടക്കാരനായാണ് ഇയാൾ കൃഷ്‌ണഗഞ്ചിൽ അറിയപ്പെട്ടിരുന്നത്. സൈബർ തട്ടിപ്പ് മറയ്‌ക്കാനായിരുന്നു ഈ ‘വേഷം’ എന്ന് അന്വേഷകസംഘം കണ്ടെത്തി. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണിയാൾ. പശ്‌ചിമബംഗാൾ കൃഷ്‌ണഗഞ്ചിൽ ലക്ഷക്കണക്കിന് രൂപ മുടക്കി പുതിയ വീട് നിർമിച്ചുവരികയാണ്. അടുത്തിടെ 30 ലക്ഷത്തിലേറെ വിലയുള്ള ടൊയോട്ട ഫോർച്യൂണർ കാറും സ്വന്തമാക്കി. തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായാണ് പ്രാഥമികവിവരം.
കൃഷ്‌ണഗഞ്ചിൽ ബംഗ്ലാദേശ് അതിർത്തിക്കടുത്താണ് ലിങ്കൺ ബിശ്വാസ് പിടിയിലായത്. കൃഷ്‌ണനഗർ ജില്ലാ എസ്‌പിയുടെയും എഎസ്‌പിയുടെയും സഹായത്തോടെയായിരുന്നു അറസ്‌റ്റ്. ബംഗാളി ടിവി ചാനലുകൾ ഇയാളുടെ അറസ്‌റ്റ് ഏറെ പ്രാധാന്യത്തോടെയാണ് സംപ്രേഷണം ചെയ്‌തത്. ജെറ്റ് എയർവേസ് എംഡിയുമായി ചേർന്ന് സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞ് എളംകുളം സ്വദേശി ജയിംസ് കുര്യനിൽനിന്നും സംഘം 17 ലക്ഷം തട്ടിയെടുത്തിരുന്നു. വെർച്വൽ അറസ്‌റ്റ് ഭീഷണിമുഴക്കി സംഗീതസംവിധായകൻ ജെറി അമൽദേവ്, നടി മാല പാർവതി എന്നിവരിൽനിന്ന് പണം തട്ടാനും ശ്രമിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..