ഇടുക്കി
ജനവാസമേഖലകളിൽ നാശംവിതയ്‌ക്കുന്ന വന്യജീവികൾക്ക് കാടിനുള്ളിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാനാണിത്. സ്വഭാവികവനങ്ങൾ അടിയന്തിരമായി പുനഃസ്ഥാപിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
കേരളത്തിലെ സ്വാഭാവികവനം പുനഃസ്ഥാപനം സംബന്ധിച്ച് 2021 ഡിസംബർ 17ന് അംഗീകരിച്ച നയരേഖപ്രകാരം, പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന അധിനിവേശ സസ്യങ്ങളെ നശിപ്പിക്കും. 27,000 ഹെക്ടർ സ്ഥലത്ത് 20 വർഷംകൊണ്ട് സ്വാഭാവികവനം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
അധിനിവേശസസ്യങ്ങളുടെ നിർമാർജനം
1980കളുടെ തുടക്കംവരെ ജൈവസമ്പന്നമായിരുന്ന കേരളത്തിലെ സ്വാഭാവികവനങ്ങൾ വെട്ടിത്തെളിച്ച് യൂക്കാലിപ്റ്റസ്, അക്കേഷ്യ, മാഞ്ചിയം, വാറ്റിൽ തുടങ്ങിയ വിദേശ- ഏകവിളത്തോട്ടങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. ഇതുമൂലം വന്യജീവി ആവാസവ്യവസ്ഥ തകിടംമറിഞ്ഞതോടെയാണ് മനുഷ്യ–-വന്യജീവി സംഘർഷമുണ്ടായത്.
നബാർഡിൽ ഉൾപ്പെടുത്തി വിവിധ സർക്കിളുകളിലായി 5,585.57 ഹെക്ടർ സ്ഥലത്ത് പദ്ധതി നടത്തുന്നുണ്ട്. ഏകവിള തോട്ടങ്ങൾ ബഹുവിള തോട്ടങ്ങളാക്കുന്നതിന് 1532.52 ഹെക്ടർ സ്ഥലത്തെ അക്കേഷ്യ, യൂക്കാലിപ്‌റ്റസ്, വാറ്റിൽ, മാഞ്ചിയം തോട്ടങ്ങൾ നിർമാർജനംചെയ്യും. ഈ തോട്ടങ്ങളിൽനിന്ന് ഒരുലക്ഷം മെട്രിക് ടൺ അസംസ്‌കൃത വസ്തു ശേഖരിക്കാൻ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന് (കെപിപിഎൽ) അനുമതിനൽകി.
മുള, ഈറ്റ, പ്ലാവ്, നെല്ലി, തമ്പകം, താന്നി, വേപ്പ്, കുമ്പിൾ, ഞാവൽ, സീതപ്പഴം തുടങ്ങിയവ 1346.54 ഹെക്ടർ സ്ഥലത്ത് നട്ടുപിടിപ്പിച്ച് സ്വാഭാവികവനങ്ങളാക്കിയിട്ടുണ്ട്. വനത്തിനുള്ളിൽ ജലലഭ്യത ഉറപ്പുവരുത്താൻ കുളങ്ങൾ, നീർച്ചാലുകൾ എന്നിവയും ക്രമീകരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..