22 December Sunday

മാലിന്യമുക്ത നവകേരളം ; ശുചിമുറി മാലിന്യസംസ്‌കരണത്തിന്‌ മൊബൈൽ യൂണിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2024


കോഴിക്കോട്‌  
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിമുറി മാലിന്യ സംസ്‌കരണത്തിന്‌ തദ്ദേശസ്ഥാപനങ്ങളിൽ മൊബൈൽ യൂണിറ്റുകൾ വരുന്നു. മണിക്കൂറിൽ 6000 ലിറ്റർ ദ്രവമാലിന്യം സംസ്‌കരിക്കാവുന്ന മൊബൈൽ സെപ്‌റ്റേജ്‌ ട്രീറ്റ്‌മെന്റ്‌ യൂണിറ്റുകൾക്ക്‌ 40 മുതൽ 50 ലക്ഷം രൂപവരെയാണ്‌ ചെലവ്‌. ജില്ലകൾ തോറും രണ്ടോ മൂന്നോ മൊബൈൽ യൂണിറ്റുകൾ അതിവേഗം സജ്ജമാക്കും. വ്യക്തികൾക്ക്‌ ഫീസ്‌ നൽകി വീടുകളിലെ ശുചിമുറി മാലിന്യം സംസ്‌കരിക്കാം. ഒരു തദ്ദേശസ്ഥാപനത്തിന്‌ സ്വന്തമായോ ക്ലസ്‌റ്റർ അടിസ്ഥാനത്തിലോ യൂണിറ്റുകൾ ഒരുക്കാം.

അതാതിടങ്ങളിലെത്തി ശുചിമുറി മാലിന്യം ഉൾപ്പെടെ ശേഖരിച്ച്‌ സംസ്‌കരിക്കുന്ന സംവിധാനം വികസിപ്പിച്ചത്‌ ഡൽഹി ആസ്ഥാനമായുള്ള വാഷ്‌ ഇൻസ്‌റ്റിറ്റ്യൂട്ടാണ്‌. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ളതാണ്‌ നൂതനസംവിധാനം. 6000 ലിറ്റർ ദ്രവമാലിന്യം സംസ്‌കരിച്ചാൽ 200 കിലോയോളം ഖരമാലിന്യമാണ്‌ അവശേഷിക്കുക. ഇത്‌ സംസ്‌കരണകേന്ദ്രത്തിലെത്തിച്ച്‌ കമ്പോസ്‌റ്റ്‌ വളമാക്കും. ചെറിയ ട്രക്കുകളിൽ സജ്ജമാക്കാവുന്ന സംവിധാനമാണ്‌ മൊബൈൽ യൂണിറ്റുകൾക്കുണ്ടാവുക. ശുചിമുറി മാലിന്യം പൊതുസ്ഥലങ്ങളിലും മറ്റും ഒഴുക്കിവിടുന്നത്‌ തടയുകയാണ്‌ ലക്ഷ്യം.

രോഗകാരിയായ അണുക്കളോ ദുർഗന്ധമോ ഇല്ലാത്ത വെള്ളമാണ്‌ സംസ്‌കരണത്തിനുശേഷം പുറത്തുവിടുക. ഖരമാലിന്യം സ്ലഡ്‌ജ്‌ ട്രീറ്റ്‌മെന്റ്‌ കേന്ദ്രത്തിലേക്ക്‌ മാറ്റിയാണ്‌ വളമാക്കുക. ഇതിനുള്ള സ്ഥലസൗകര്യവും മൊബൈൽ യൂണിറ്റ്‌ ബാക്ക്‌ വാഷ്‌ ചെയ്യാനുള്ള 500 അടി സ്ഥലവും മാത്രമാണ്‌ തദ്ദേശസ്ഥാപനം കണ്ടെത്തേണ്ടത്‌. ഖരമാലിന്യം വളമാക്കുന്ന മൊബൈൽ യൂണിറ്റ്‌ സ്ഥാപിക്കാൻ 43 ലക്ഷം രൂപയോളമാണ്‌ ചെലവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top