കൊച്ചി
ജില്ലയിൽ ഡെങ്കിപ്പനി, മലേറിയ, എലിപ്പനി എന്നിവ വ്യാപിക്കുന്നു. ചൊവ്വാഴ്‌ച വിവിധ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയത് 1172 പേരാണ്. ഇതിൽ 41 പേർക്ക് കിടത്തിച്ചികിത്സ നിർദേശിച്ചു.
ചൊവ്വാഴ്‌ച 52 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ആലുവ, ചമ്പക്കര, ചെല്ലാനം, ചൂർണിക്കര-, ചൊവ്വര-, ഇടപ്പള്ളി, എടത്തല-, ഏഴിക്കര-, കൂനമ്മാവ്, കുമാരപുരം, മങ്ങാട്ടുമുക്ക്-, മുനമ്പം-, നേര്യമംഗലം, പാമ്പാക്കുട, പണ്ടപ്പിള്ളി, പാണ്ടിക്കുടി-, പിണ്ടിമന, പിറവം-, പിഴല, പൂതൃക്ക, തമ്മനം-, തിരുവാണിയൂർ-, തേവര, വടവുകോട്, വാളകം, മട്ടാഞ്ചേരി- എന്നിവിടങ്ങളിലാണ് ഡെങ്കി പടരുന്നത്. തിങ്കളാഴ്‌ച തമ്മനത്തുമാത്രം 11 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിരുന്നു. മലേറിയ ബാധിച്ച് ഏഴുപേരാണ് ചികിത്സയിലുള്ളത്. ചെറുവട്ടൂർ, വെങ്ങോല, ആലുവ എന്നിവിടങ്ങളിലാണ് മലേറിയ ബാധിതർ. ഈമാസം ഒരു എലിപ്പനി മരണവും ഒരു എച്ച് വൺ എൻ വൺ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ പനിബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. നിപാ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കുമുള്ള ബോധവൽക്കരണം ശക്തമാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു.
കരുമാല്ലൂരിൽ 5 പേർക്ക്
എച്ച് വൺ എൻ വൺ
കരുമാല്ലൂർ പഞ്ചായത്തിൽ അഞ്ചുപേർക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. 12–--ാംവാർഡിലുള്ള സെമിനാരിയിലെ നാല് വൈദികവിദ്യാർഥികൾക്കും മനയ്ക്കപ്പടി സ്വദേശിനിക്കുമാണ് രോഗം. മൂന്നുദിവസംമുമ്പാണ് സെമിനാരിയിൽ ഒരാൾക്ക് പനി ബാധിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ബാക്കിയുള്ളവർക്കും ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെമിനാരിയിലെ ബാക്കിയുള്ളവർ നിരീക്ഷണത്തിലാണ്.
മനയ്ക്കപ്പടി സ്വദേശിനി കരുമാല്ലൂർ ആശുപത്രിയിൽ ചികിത്സതേടിയശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഇവരുമായി ഇടപഴകിയവരെ കണ്ടെത്താൻ മനയ്ക്കപ്പടിയിൽ പനി പരിശോധന ക്യാമ്പ് നടത്തി. പ്രതിരോധപ്രവർത്തനങ്ങളും ബോധവൽക്കരണവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. വിവിധ മേഖലയിലുള്ളവർ പങ്കെടുത്ത് വ്യാഴം പകൽ 11ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരുമെന്ന് പ്രസിഡന്റ് ശ്രീലത ലാലു അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..