27 December Friday
സിദ്ദീഖിന് പിന്നാലെ രഞ്ജിത്തും രാജിവെച്ചു

ചുറ്റും പ്രതിഷേധം; അവസാനം രാജി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


തിരുവനന്തപുരം> സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി നടി ശ്രീലേഖ മിത്ര ആവർത്തിച്ചിരുന്നു. പാലേരിമാണിക്കം സിനിമയുടെ ഓഡിഷന് വേണ്ടി വിളിച്ചിരുന്നു. കഥാപാത്രത്തിന്  ചേരാത്തതിനാൽ മടക്കിയയച്ചു എന്നായിരുന്നു രഞ്ജിത്തിന്റെ വാദം.

ശ്രീലേഖ മിത്ര ഈ വാദം തള്ളി. കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ല. ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നത് എന്ന് ആവർത്തിച്ചു.

പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ഞാൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകും.

മോശം അനുഭവം തുറന്ന് പറയാനുള്ള അവകാശം

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനർജി സർക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയാണ് ഞാൻ. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം എനിക്കുണ്ട് എന്നാണ് നടി ആവർത്തിച്ചത്.

മാത്രമല്ല സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

സഹായം ഉറപ്പ് നൽകി മന്ത്രി വീണാ ജോർജ്

പരാതി നൽകാൻ സഹായിക്കാമെന്ന് മന്ത്രി വീണാ ജോർജ് ഇതിന് പിന്നാലെ ഉറപ്പ് നൽകിയിരുന്നു. വനിത ശിശുവികസന വകുപ്പ് ഇതിന് സഹായം നൽകാൻ തയാറാണ് എന്നും അറിയിച്ചിരുന്നു.

ഉറച്ച നിലപാടുമായി ആനിരാജയും

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജയും ആവശ്യപ്പെട്ടിരുന്നു. എഐവൈഎഫും ആവശ്യം ഉന്നയിച്ചു.  ആരോപണം ഗൗരവമുള്ളതാണെന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളായ മനോജ് കാനയും എന്‍ അരുണും പങ്കുവച്ചത്. രഞ്ജിത്ത് സ്വയം ഒഴിയുമെന്നാണ് കരുതുന്നതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവച്ചു

ബംഗാളി നടി പരാതി നൽകിയാൽ നടപടിയെടുക്കാമെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ ആവർത്തിച്ചിരുന്നു. ഇതിനിടെ പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ ശ്രീലേഖക്കുണ്ടായ അനുഭവം ശരിയാണെന്ന് സംവിധായകൻ ജോഷി ജോസഫും ശരിവെച്ചിരുന്നു. പരാതിപ്പെടണം എന്ന ആവശ്യം അപഹാസ്യമാണ് എന്നും പ്രതികരിച്ചു.

വനിതാ കമ്മീഷനും ഒപ്പം

ബംഗാളി നടിയുടെ  ലൈംഗികാതിക്രമ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചിരുന്നു. സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട്‌ തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണം. ആരോപണം തെളിഞ്ഞാൽ രഞ്ജിത്തിനെ മാറ്റണം എന്നായിരുന്നു പ്രതികരണം.

മലയാള സിനിമാ ലോകത്തിന് അപമാനമെന്ന് ഉർവശി

അന്യഭാഷയിൽനിന്നുള്ള ഒരു നടി ആരോപണമുന്നയിക്കുക എന്നുപറയുമ്പോൾ അവരെന്തായിരിക്കും മലയാള സിനിമയെ കുറിച്ച് അവരുടെ നാട്ടിൽപ്പോയി പറഞ്ഞിട്ടുണ്ടാവുക എന്നാണ് ഉർവശി പ്രതികരിച്ചത്.

 വളരെ ​ഗൗരവത്തിൽ ചിന്തിക്കേണ്ട കാര്യമാണിത്. ഇക്കാര്യം തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വ്യാപിച്ച് എവിടെ ചെന്നെത്തും എന്ന് പറയാൻ പറ്റില്ല. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വന്ന് പ്രവർത്തിക്കുന്നുണ്ട്. പരാതിയുള്ള സ്ത്രീകൾ ഈ സമയത്ത് വരിക. നിങ്ങളുടെ പേരുകൾ പുറത്തുപറയില്ല, എന്ന് പറഞ്ഞാൽ ഒരുപാട് സ്ത്രീകൾ രം​ഗത്തെത്തും. സംഘടന വളരെ ശക്തമായ നിലപാടാണ് എടുക്കേണ്ടതെന്നാണ് അമ്മയുടെ ആയുഷ്കാല അം​ഗം എന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്നും ഉർവശി പറഞ്ഞു.

സിദ്ദിഖിന്റെ പ്രസ്താവന ഇന്നലെ കേട്ടിരുന്നു. ഒഴുക്കൻ മട്ടിലുള്ള പ്രസ്താവനകൾ ഇനി പറയാൻ പാടില്ല. ഒരു സ്ത്രീ കമ്മീഷനുമുന്നിൽ പറഞ്ഞ കാര്യങ്ങളടങ്ങിയ റിപ്പോർട്ടിന് വലിയ വിലകൊടുക്കണം.

സംഘടനയാണ്, നിയമപരമായി അങ്ങനെയൊന്നും മുന്നോട്ടുപോവാൻ സാധിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല എന്നും അവർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന് എതിരെ പോക്സോ വകുപ്പിന്റെ പരിധിയിൽ വരാവുന്ന ഗുരുതരമായ ആരോപണം ഉർന്നു. നിങ്ങൾ ഒരു മാന്യനാണോ ക്രിമിനലാണോ എന്നാണ് ബാലിക ചോദ്യം ഉന്നയിച്ചത്. ഞായറാഴ്ച രാവിലെ അദ്ദേഹം  രാജിവെച്ചു.

അമ്മജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ സിദ്ദിഖ്‌ രാജിവച്ചു

ശ്രീലേഖ മിത്ര തുറന്നു പറഞ്ഞത്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് സംവിധായകനായ രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷവുമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് പാർട്ടിക്ക് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി.

പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല.

ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത് എന്നുമാണ് മിത്ര പറഞ്ഞത്.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top