26 December Thursday
അറിയിച്ചത് ശബ്ദ സന്ദേശത്തിൽ

നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിത്ത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കോഴിക്കോട്> സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടതെന്ന ബോധ്യം തനിക്കുള്ളതിനാലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുക എന്ന തീരുമാനത്തിൽ എത്തിയതെന്ന് രഞ്ജിത്ത്. നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ സത്യമെന്താണെന്ന് ലോകത്തിനെ അറിയിച്ചേ മതിയാകൂ. ഇത് എന്റെ സുഹൃത്തുകളുമായും വക്കീല്‍ ഓഫീസുമായി ബന്ധപ്പെട്ട് തീരുമാനിച്ച് കഴിഞ്ഞു എന്നും രാജിക്ക് പിന്നാലെ ശബ്ദസന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ചുറ്റും പ്രതിഷേധം; അവസാനം രാജി
ഇടതുപക്ഷ സര്‍ക്കാരിനെ തന്റെ പേരില്‍ വലതുപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ചെളിവാരി എറിയുകയാണ്. മാധ്യമ ക്യാമറകള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ തനിക്ക് ഇപ്പോള്‍ താത്പര്യമില്ല. വ്യക്തിപരമായി ഏറെ നിന്ദ്യമായ ആരോപണമാണ് ബംഗാളി നടിയായ ശ്രീലേഖ മിത്ര നടത്തിയിരിക്കുന്നത്. ചലിച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഒരുസംഘം ആളുകള്‍ നടത്തുന്ന അധ്വാനമാണ് ശ്രീലേഖ മിത്രയുടെ ആരോപണത്തിന്റെ രൂപത്തില്‍ പുറത്തുവന്നിരിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ എനിക്കുണ്ടായിരിക്കുന്ന ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല എന്നും രഞ്ജിത് പറഞ്ഞു.

ഇതിനുപുറമെ, കേരള സര്‍ക്കാരിനെതിരേയും സി.പി.എം എന്ന പാര്‍ട്ടിക്കെതിരേയും വലതുപക്ഷ രാഷ്ട്രീയ നിലപാട് ഉള്ളവരും അവര്‍ക്ക് മുന്നില്‍ പോര്‍മുഖത്ത് എന്ന പോലെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരും സംഘടിതമായി സര്‍ക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളില്‍ ഒന്ന് എന്റെ പേരുമായി ബന്ധപ്പെട്ടതാണെന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെ മാധ്യമങ്ങളും ഇവിടെ ചിലരും നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്ന ഒരു വ്യക്തി കാരണം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു കോട്ടവും ഉണ്ടാവില്ല.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഒരു ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ല രാജി സ്വീകരിക്കണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും അഭ്യാര്‍ഥിക്കുന്നു എന്നാണ് രഞ്ജിത്തിന്റെ വാക്കുകൾ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top