22 November Friday

ഏകീകൃത പെൻഷൻ 
കുരുക്കെന്ന്‌ ജീവനക്കാർ ; പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024


തിരുവനന്തപുരം
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ ഏകീകൃത പെൻഷൻ പദ്ധതി കുരുക്കും നഷ്ടവുമെന്ന്‌ സംഘടനകളും ജീവനക്കാരും. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന്‌ ജീവനക്കാർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു വരുമ്പോഴാണ്‌ കോർപറേറ്റ്‌ സ്ഥാപനങ്ങൾക്ക്‌ പെട്ടെന്ന്‌ നേട്ടമുണ്ടാവുന്ന സർക്കാർ തീരുമാനം. പദ്ധതി ജീവനക്കാർക്ക്‌ നേട്ടമെന്ന്‌ സർക്കാർ അനുകൂല മാധ്യമങ്ങളും സംഘടനകളും പ്രചരിപ്പിക്കുമ്പോൾ എതിർപ്പുമായി ഭൂരിപക്ഷം ജീവനക്കാരും രംഗത്തെത്തി. 

2004ൽ വാജ്പേയി സർക്കാരാണ്‌ പെൻഷൻ ബാധ്യത സർക്കാരിന് വഹിക്കാൻ കഴിയില്ലെന്നു പറഞ്ഞ്‌ പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി (എൻപിഎസ്‌) ആരംഭിക്കുന്നത്‌. 2013ൽ രണ്ടാം യുപിഎ സർക്കാർ ബിജെപി പിന്തുണയോടെ പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ഡെവലപ്‌മെന്റ്‌ അതോറിറ്റി (പിഎഫ്‌ആർഡിഎ) നിയമം കൊണ്ടുവന്നു. ജീവനക്കാരും തൊഴിൽദാതാവും ശമ്പളത്തിന്റെ 10 ശതമാനം വീതമാണ്‌ പെൻഷൻ ഫണ്ടിലേക്ക്‌ നിക്ഷേപിച്ചിരുന്നത്. തൊഴിൽദാതാവിന്റെ വിഹിതം പിന്നീട്‌ 14 ശതമാനമാക്കി. പുതിയ പദ്ധതിയിൽ 18.5 ശതമാനമാകും. ഈ തുക മുഴുവൻ കോർപറേറ്റ്‌ സ്ഥാപനങ്ങൾ വഴി ഓഹരി വിപണിയിലേക്കാണ്‌ പോകുന്നത്‌. വിപണിയിലെ ചാഞ്ചാട്ടത്തിനനുസരിച്ച്‌ കമ്പനികൾ തകർന്നാൽ പദ്ധതിയുടെ സ്ഥിതിയെന്താകുമെന്നത്‌ ജീവനക്കാരെ ആശങ്കയിലാക്കുന്നു.  പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വിരമിക്കുമ്പോൾ നിശ്‌ചിത തുക (ലംപ്‌സം) ജീവനക്കാരന്‌ ലഭിക്കുമായിരുന്നു. 30 വർഷം സർവീസുള്ളയാൾക്ക്‌ നാൽപ്പതോ അമ്പതോ ലക്ഷം ലഭിക്കും; പുറമേ പ്രതിമാസ പെൻഷനും. പുതിയ പദ്ധതിയിൽ ലംപ്‌സം തുകയേക്കുറിച്ച്‌ ഒന്നുംപറയുന്നില്ലെന്ന്‌ എൻഎഫ്‌പിഇ കേരള സർക്കിൾ സെക്രട്ടറി എൻ വിനോദ്‌കുമാർ പറഞ്ഞു.

10 വർഷമെങ്കിലും സർവീസ്‌ ഉള്ളയാൾക്കേ 10,000 രൂപ പെൻഷനായി ലഭിക്കൂ. 25 വർഷമെങ്കിലും സർവീസ്‌ ഉള്ളവർക്കാണ്‌ 50 ശതമാനം തുക ലഭിക്കുക. 30 വർഷം സർവീസുള്ളയാളുടെ സർവീസ്‌ കാലത്ത്‌ ഒരുകോടി രൂപയെങ്കിലും പെൻഷൻ ഫണ്ടിലേക്ക്‌ നിക്ഷേപിച്ചിട്ടുണ്ടാകും. ഇത്രയും തുക നിക്ഷേപിച്ചാലും വിരമിക്കുമ്പോൾ പെൻഷൻ മാത്രമാണ്‌ ലഭിക്കുക. നിലവിലെ പദ്ധതിയിൽ ഈ തുകയുടെ 60 ശതമാനം പിൻവലിക്കാൻ സാധിക്കുമായിരുന്നു. അതും ഇപ്പോൾ ഇല്ലാതാവുകയാണ്‌.

വിഹിതം വർധിപ്പിച്ചതിന്റെ പെട്ടെന്നുള്ള നേട്ടം 
ഫണ്ട്‌ മാനേജർമാർക്ക്‌: കോൺഫെഡറേഷൻ
രണ്ട് പതിറ്റാണ്ടായുള്ള നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്‌) ഫലത്തിൽ പെൻഷൻ നിഷേധിക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ജീവനക്കാരുടെ പോരാട്ടത്തിന് കഴിഞ്ഞതിന്റെ തെളിവാണ് ഏകീകൃത പെൻഷൻ പദ്ധതിയെന്ന് കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം വർധിപ്പിച്ചതിന്റെ പെട്ടെന്നുള്ള നേട്ടം ലഭിക്കുക ഫണ്ട്‌ മാനേജർമാർക്കാണ്‌.  

2004ൽ ആരംഭിച്ചതും 2013 ൽ രണ്ടാം യുപിഎ സർക്കാർ ബിജെപി പിന്തുണയോടെ പാസാക്കിയതുമായ പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ഡെവലപ്‌മെന്റ്‌ അതോറിറ്റി (പിഎഫ്‌ആർഡിഎ) നിയമം റദ്ദാക്കി പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാണ്‌ കേന്ദ്ര ജീവനക്കാരുടെ ആവശ്യം. 2023 ൽ കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ യോജിച്ച്‌ തുടർച്ചയായി നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് നിയമിച്ച, ധനകാര്യ സെക്രട്ടറി ടി വി സോമസുന്ദരം അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാർശകളാണ് ഏകീകൃത പെൻഷൻ പദ്ധതി എന്ന പേരിൽ വന്നിരിക്കുന്നത്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ പോരാട്ടം തുടരുമെന്ന്‌ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് കേരള ജനറൽ സെക്രട്ടറി വി ശ്രീകുമാർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top