23 December Monday

നുണപ്രചാരണം തുറന്നുകാട്ടി ബഹുജനകൂട്ടായ്‌മ ; മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കേരളത്തിന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

സിപിഐ എം പാളയത്ത് സംഘടിപ്പിച്ച പ്രധിഷേധക്കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
വയനാട്ടിലെ പുനരധിവാസം തടയാനും കേന്ദ്രസഹായം മുടക്കാനുമുള്ള മാധ്യമ ഗൂഢാലോചനയ്‌ക്കെതിരെ കേരളത്തിന്റെ ഉശിരൻ പ്രതിഷേധം. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചരിമട്ടം പ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി സംസ്ഥാന സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കൈകോർത്തു മുന്നേറുമ്പോൾ, അതിനു തുരങ്കംവയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്ന നുണപ്രചാരണത്തെ തുറന്നുകാട്ടി സംസ്ഥാനത്തുടനീളം സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ അണിചേർന്നു.

ഉരുൾപൊട്ടലിലിനെ തുടർന്നുള്ള നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‌ നൽകിയ മെമ്മോറാണ്ടത്തിന്റെ പേരിലാണ്‌ ഒരുവിഭാഗം മാധ്യമങ്ങൾ പച്ചനുണ പ്രചരിപ്പിച്ചത്‌. കേന്ദ്ര സംഘത്തിന്റെ സഹായത്തോടെ മാനദണ്ഡപ്രകാരം തയ്യാറാക്കിയ നിവേദനത്തിലെ എസ്‌റ്റിമേറ്റിനെ സർക്കാരിന്റെ കൊള്ള എന്നും കള്ളക്കണക്ക്‌ എന്നുമാണ്‌  മാധ്യമങ്ങൾ പ്രചരിപ്പിച്ചത്‌.

ദുരിതബാധിതരെയും സഹായങ്ങൾ നൽകിയവരെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു നുണപ്രചാരണം. യാഥാർഥ്യം ബോധ്യപ്പെട്ട ചില മാധ്യമങ്ങൾ തിരുത്താൻ തയ്യാറായെങ്കിലും ഒരു വിഭാഗം ഇപ്പോഴും സംസ്ഥാന സർക്കാരിനെതിരെ നുണപ്രചാരണം തുടരുകയാണ്‌. അതേറ്റുപിടിച്ച്‌ പ്രതിപക്ഷവും ബിജെപിയും കുപ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തിലാണ്‌ ബഹുജന കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത്‌ പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം നടത്തിയ കൂട്ടായ്‌മ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്‌തു.

സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ നിര്യാണത്തെ തുടർന്ന്‌ ദുഃഖാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ബഹുജന കൂട്ടായ്‌മ 30 ലേക്ക്‌ മാറ്റിയിരുന്നു. 30ന്‌ വൈകിട്ട്‌ നാലിന്‌ ബോട്ട്‌ജെട്ടിക്ക്‌ സമീപമുള്ള ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിലാണ്‌ കൂട്ടായ്‌മ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top