03 December Tuesday

താന്തോന്നിത്തം ; ഗവർണറുടെ 
നടപടി 
ജനാധിപത്യ വിരുദ്ധം , മോഹനൻ കുന്നുമ്മലിന്‌ പുനർനിയമനം

ആൻസ്‌ ട്രീസ ജോസഫ്‌Updated: Thursday Oct 24, 2024


തിരുവനന്തപുരം
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ ഇരുട്ടിൽ നിർത്തി ആരോഗ്യ  സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ചട്ടവിരുദ്ധമായി പുനർനിയമിച്ചു.  വിസി നിയമനത്തിന് ഗവർണർ തയ്യാറാക്കിയ സെർച്ച് കമ്മിറ്റി വിജ്ഞാപനമടക്കം പിൻവലിച്ചാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പുതിയ ഉത്തരവ്‌. കേരള സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയിൽ തുടരാനും  രാജ്ഭവന്റെ നിർദേശമുണ്ട്‌. 

സംസ്ഥാനത്തിന്റെ കീഴിലുള്ളതും സർക്കാർ ഫണ്ടുനൽകുന്നതുമായ സർവകലാശാലകളിലെ നിയമനം നടത്തുമ്പോൾ സംസ്ഥാന സർക്കാരുമായി ആലോചിക്കണമെന്ന നിയമപരമായ ബാധ്യതയോ ജനാധിപത്യ മര്യാദയോ ഗവർണർ പാലിച്ചില്ല. പുനർനിയമനങ്ങൾക്കെതിരെ ചന്ദ്രഹാസമിളക്കിയ ഗവർണർ തന്റെ ഇംഗിതം നടപ്പാക്കുന്ന സംഘപരിവാർ ഏജന്റിന്റെ കാര്യത്തിൽ പഴയതെല്ലാം വിഴുങ്ങി. ആർഎസ്‌എസ്‌ വേദിയിലെ സ്ഥിരം സന്നിധ്യമാണെന്നതാണ്‌ മോഹനൻ കുന്നുമ്മലിനുള്ള യോഗ്യതയായി ഗവർണർ കാണുന്നത്‌.

2019ൽ മൂന്നുപേരുടെ പാനലിൽ നിന്ന് യുജിസി പ്രതിനിധിയുടെ നിർദേശത്തെ തുടർന്നായിരുന്നു മോ​ഹനൻ കുന്നുമ്മലിനെ വിസിയായി ​ഗവർണർ നിയമിച്ചത്. ഡോ. പ്രവീൺലാൽ കുറ്റിച്ചിറ, ഡോ. വി രാമൻകുട്ടി എന്നിവരുടെ താഴെ പട്ടികയിൽ മൂന്നാമതായിരുന്നു കുന്നുമ്മൽ. ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളയാളിനെ നിയമിച്ചുവെന്ന്‌ കാണിച്ച്‌ ഡോ. പ്രവീൺലാൽ കോടതിയെ സമീപിച്ചിരുന്നു. 2022 ഒക്ടോബർ 24നാണ് കേരള സർവകലാശാല വിസിയുടെ ചുമതലയും കുന്നുമ്മൽ ഏറ്റെടുത്തത്.

ഇപ്പോൾ സുപ്രീംകോടതിയെ വെല്ലുവിളിച്ചാണ്‌ ഇഷ്ടക്കാരന് പുനർനിയമനം നൽകിയത്‌. സർവകലാശാല ആക്ട് പ്രകാരം 70 വയസ്സുവരെ വൈസ് ചാൻസലർ പദവിയിലിക്കാം. എന്നാൽ, കണ്ണൂർ സർവകലാശാല വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന് നൽകിയ പുനർനിയമനത്തെ എതിർത്ത് രം​ഗത്തുവന്നയാളാണ്‌ ആരിഫ് മൊ​ഹമ്മദ് ഖാൻ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. നിയമന കാര്യത്തിൽ സർക്കാർ ഗവർണറെ സ്വാധീനിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ്‌ സുപ്രീംകോടതി ഇത്‌ അസാധുവാക്കിയത്.

ജനാധിപത്യത്തോട്‌ വെല്ലുവിളി
ആരോഗ്യ സർവകലാശാല വൈസ്‌ ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ കാലാവധി നീട്ടി നൽകിയ ഗവർണറുടെ നടപടി അധികാര ദുർവിനിയോഗവും ജനാധിപത്യവിരുദ്ധവും. പുനർനിയമനങ്ങളെ ശക്തിയുക്തം എതിർത്തിരുന്ന ഗവർണർ ഇപ്പോൾ ബിജെപിയുടെ വർഗീയ അജൻഡ നടപ്പാക്കുന്ന ഏറാൻമൂളിയായ വിസിയെ പുനർനിയമിച്ച്‌ സ്വന്തം വാദങ്ങൾ തന്നെ വിഴുങ്ങി.

കണ്ണൂർ വിസി ആയി ഡോ. ഗോപിനാഥ്‌ രവീന്ദ്രനെ പുനർനിയമിക്കാൻ സർക്കാർ ശുപാർശ നൽകിയതിനെ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ മുമ്പ്‌ വിശേഷിപ്പിച്ചത്‌ മഹാഅപരാധമെന്നാണ്‌. എന്നാൽ സർക്കാർ അന്ന്‌ ചട്ടപ്രകാരമാണ്‌ ചാൻസലറോട്‌ നിയമിക്കാൻ ആവശ്യപ്പെട്ടത്‌. പുനർനിയമനത്തിൽ പിശകില്ലെന്ന്‌ സുപ്രീംകോടതിയും പറഞ്ഞു.

എന്നാൽ മോഹനൻ കുന്നുമ്മലിന്റെ നിയമനം തികഞ്ഞ അധികാരധാർഷ്ട്യം മാത്രമാണ്‌. സംസ്ഥാനത്തിന്റെ അധീനതയിലും ധനസഹായത്തിലും നിലനിൽക്കുന്ന സർവകലാശാലകളിലെ വൈസ്‌ ചാൻസലറെ നിയമിക്കുമ്പോൾ സർക്കാരിനോട്‌ ചർച്ച ചെയ്യാനുള്ള ബാധ്യത ചാൻസലർക്കുണ്ട്‌. ഉത്തരവിലൂടെ മാത്രം ഇതെല്ലാം അറിയിക്കുന്ന ഏകപക്ഷീയഭരണം ജനാധിപത്യ സംവിധാനത്തിന്‌ ചേർന്നതല്ല. താൻ പറയുന്നതും ചെയ്യുന്നതുമാണ്‌ ഇവിടെ ‘ജനാധിപത്യം’ എന്ന ഹുങ്കാണ്‌ ഗവർണർ കാണിച്ചിട്ടുള്ളത്‌. പത്തിലധികം സർവകലാശാലകൾ നാഥനില്ലാത്ത അവസ്ഥയിൽ മുന്നോട്ടുപോകുന്ന സ്ഥിതിവിശേഷമുണ്ടാക്കിയതും ഇതേ ഗവർണറുടെ തെറ്റായ നടപടികളാണ്‌. കുന്നുമ്മലിന്റെ ആദ്യ നിയമനം തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പാനലിലെ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ളയാളാണ്‌ കുന്നുമ്മൽ.

നിയമനം ചട്ടവിരുദ്ധം: 
എൽഡിഎഫ്‌
ആരോഗ്യസർവകലാശാല വൈസ്ചാൻസലറെ പുനർനിയമിച്ച  ഗവർണരുടെ നടപടി ജനാധിപത്യവിരുദ്ധവും അക്കാദമിക് ലോകത്ത് കേട്ടുകേൾവി ഇല്ലാത്തതും ആണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള വൈസ് ചാൻസലർക്ക് അടുത്ത വൈസ്ചാൻസലർ വരുന്നതുവരെ ആറ് മാസം മാത്രമേ നീട്ടി നൽകാവൂ എന്ന് നിയമത്തിൽ വ്യവസ്ഥയുണ്ടായിരിക്കെ അതിനെ മറികടന്നാണ് അഞ്ചുവർഷം നിയമനം നീട്ടി നൽകുന്നതായി ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചത്.

 സംസ്ഥാനസർക്കാരിന്റെ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ ഇത്തരം നിയമനം നടത്തുമ്പോൾ സർക്കാരിന്റെ നിർദ്ദേശം പരിഗണിക്കേണ്ടതുണ്ട്‌. കേരളത്തിലെ സർവകലാശാലകൾ മികവിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ അതിനെ തകർക്കുന്ന  ഇടപെടലാണ് ഗവർണരുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സെനറ്റിലേക്ക്‌  സംഘപരിവാർ, യുഡിഎഫ്  പ്രവർത്തകരെ തിരുകിക്കയറ്റുന്ന നടപടിയുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് ടി പി രാമകൃഷ്ണൻ   പറഞ്ഞു

ഹൈക്കോടതി നിർദേശത്തിനുമെതിര്  
ഗവർണറുടെ നടപടി, വൈസ്‌ചാൻസലറെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശത്തിനും എതിര്‌.  
 കേരള സാങ്കേതിക സർവകലാശാല (കെടിയു) ഇടക്കാല വിസിയായി ഡോ. സിസ തോമസിനെ  നിയമിച്ചതു സംബന്ധിച്ച കേസിലായിരുന്നു ഈ നിർദേശം. വിസി ആരെന്ന്‌ നിർദേശിക്കേണ്ടത്‌ സർക്കാരാണ്‌. സർക്കാർ നൽകുന്ന പട്ടികയിൽനിന്ന്‌ മാത്രമേ വിസിമാരെ നിയമിക്കാവൂവെന്നും മുഹമ്മദ്‌ മുഷ്‌താഖ്‌, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കിയിരുന്നു.

അവസരവാദ നിലപാട് :  മന്ത്രി ആർ ബിന്ദു
വിസി നിയമനവുമായി ബന്ധപ്പെട്ട് ചാൻസലർ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മുൻപ് വിസിമാരുടെ പുനർനിയമനം സംബന്ധിച്ച വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ നോക്കിയ ചാൻസലർ ഇപ്പോൾ തന്റെ ഇം​ഗിതത്തിനൊപ്പം  നിൽക്കുന്ന വൈസ് ചാൻസലർക്ക് പുനർനിയമനം നൽകി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന്‌ ചാൻസലറുടെ ഇടപെടൽ വിലങ്ങുതടിയാകുകയാണ്‌. ഇത് ഖേദകരമാണ്‌–- മന്ത്രി പറഞ്ഞു.

സർവകലാശാലകളിൽ ഇന്ന്‌ 
എഫ്‌യുടിഎ കരിദിനമാചരിക്കും
ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേലിനെ പുനർനിയമിച്ച ചാൻസലറുടെ നടപടി ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. ചാൻസലറുടെ തെറ്റായ ഇത്തരം നടപടികളിൽ കടുത്ത പ്രതിഷേധം ഉയരണം. അതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ സർവകലാശാലയിലും  വെള്ളിയാഴ്ച അധ്യാപകർ കരിദിനമായി ആചരിക്കുമെന്ന് എഫ്‌യുടിഎ പ്രസിഡന്റ് പ്രൊഫ. ചക്രപാണിയും ജനറൽ സെക്രട്ടറി ഡോ. എസ് നസീബും പ്രസ്താവനയിൽ പറഞ്ഞു. 

ചാൻസലറുടെ ഏകപക്ഷീയമായ നടപടികൾ കേരളത്തിലെ സർവകലാശാലകളിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വേലിതന്നെ വിളവുതിന്നുന്ന തരത്തിലാണ്‌ നടപടികൾ. സർവകലാശാലകളിലെ വിസിമാരുടെ പുനർനിയമനം അപരാധമായി കണ്ടിരുന്നവർ, ആരോഗ്യ സർവകലാശാലയിലെ പുതിയ വിസി നിയമന സെർച്ച് കമ്മിറ്റി റദ്ദാക്കി, പകരം ഇഷ്ടക്കാരനെ തന്നിഷ്ടപ്രകാരം പുനർനിയമിക്കുമ്പോൾ ജനാധിപത്യ പ്രക്രിയ നോക്കുകുത്തിയാകുകയാണ്‌. അമിതാധികാര പ്രയോഗങ്ങളിലൂടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതും അതിലൂടെ കേരളത്തിന്റെ മികച്ചമുന്നേറ്റത്തെ തടയാൻശ്രമിക്കുന്നതും ഒരു തരത്തിലും നീതീകരിക്കാനാകില്ലെന്നും എഫ്‌യുടിഎ പ്രസ്താവനയിൽ പറഞ്ഞു.

മോഹനന്‍ കുന്നുമ്മലിന്റെ 
പുനർനിയമനം 
ജനാധിപത്യവിരുദ്ധം: കെജിഒഎ
ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന്റെ കാലാവധി തീരാനിരിക്കെ വീണ്ടും നിയമനം നൽകിയ ചാൻസലറുടെ നടപടി സർവകലാശാലയുടെ ജനാധിപത്യ സ്വഭാവം തകർക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. 70 വയസ്സ്‌ പൂർത്തിയാകാൻ രണ്ടു വർഷംമാത്രം ബാക്കിയുള്ളയാളെയാണ് വിസിയായി അഞ്ചു വർഷത്തേക്ക് ചാൻസലർ പുനർനിയമനം നടത്തിയത്. ഗവർണർ പദവിയിൽ കാലാവധി പൂർത്തിയാക്കി സാങ്കേതികമായിമാത്രം ചാൻസലർ പദവിയിൽ തുടരുന്ന ഗവർണർ നടത്തിയ പുനർനിയമനം റദ്ദ് ചെയ്യണമെന്നും സെർച്ച് കമ്മിറ്റിയിലൂടെമാത്രം പുതിയ വിസിയെ തെരഞ്ഞെടുക്കണമെന്നും കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാനും സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രനും ആവശ്യപ്പെട്ടു.

സർവകലാശാലകളെ 
തകർക്കാനുള്ള ചാൻസലറുടെ 
നടപടി അവസാനിപ്പിക്കണം: 
എകെജിസിടി
മതേതര ജനാധിപത്യ ബോധത്തിന്റെ വിളനിലങ്ങളാകേണ്ട സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കാനും ഉന്നത വിദ്യാഭ്യാസമേഖലയെ തകർത്ത് വർ​ഗീയ രാഷ്ട്രീയത്തിന്റെ വരുതിയിലാക്കാനുമുള്ള ആസൂത്രിത നീക്കമാണ് ചാൻസലർ നടത്തുന്നതെന്ന് അസോസിയേഷൻ ഓഫ് കേരള ​ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് (എകെജിസിടി). തങ്ങൾക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളെ മറ്റു മാർഗങ്ങളിലൂടെ വരുതിയിലാക്കാനുള്ള വഴിവിട്ട നീക്കമാണ് നടത്തുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് വിസിയായി പുനർനിയമനം നൽകിയ നടപടി. ചാൻസലർ ഇത്തരം നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. എൻ മനോജും ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദ് റഫീഖും ആവശ്യപ്പെട്ടു.

ജനാധിപത്യ വ്യവസ്ഥയോടുള്ള 
വെല്ലുവിളി: എകെപിസിടിഎ
ഡോ. മോഹനൻ കുന്നുമ്മലിനെ ആരോ​ഗ്യ, കേരള സർവകലാശാലകളുടെ വൈസ്‌ ചാൻസലറായി വീണ്ടും നിയമനം നൽകിയത് ജനാധിപത്യ വ്യവസ്ഥയോടും നിയമത്തോടുമുള്ള വെല്ലുവിളിയാണെന്ന് എകെപിസിടിഎ സംസ്ഥാന കമ്മിറ്റി. ചാൻസലർ കേവലമായ കക്ഷിരാഷ്ട്രീയംമാത്രം നോക്കി മോഹനൻ കുന്നുമ്മലിന് ഇരു സർവകലാശാലയുടെയും വിസി ചുമതല നൽകിയത് സംഘപരിവാർ ബന്ധംമാത്രം നോക്കിയാണ്. ഇതിനെതിരെ അക്കാദമിക് സമൂഹവും ജനാധിപത്യ സമൂഹവും പ്രതിഷേധിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top