25 October Friday

ക്ഷേത്രങ്ങളിൽ വീഡിയോ ചിത്രീകരണം : 2 മാസത്തിനകം തീരുമാനം വേണമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024


കൊച്ചി
ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണത്തിനും മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം. ക്ഷേത്രപരിശുദ്ധിയും ആചാരങ്ങളും സംരക്ഷിക്കണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെയും തേക്കിൻകാട് മൈതാനത്തെയും വീഡിയോ ചിത്രീകരണത്തിനും മൊബൈൽ ഫോൺ ഉപയോഗത്തിനുമെതിരെ തൃശൂർ സ്വദേശി നൽകിയ ഹർജിയെ തുടർന്നുള്ള ഓംബുഡ്‌സ്മാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിനിർദേശം.

ക്ഷേത്രസ്ഥാപനങ്ങളുടെ നവീകരണം യഥാസമയം പൂർത്തിയാക്കുകയും വിശ്വാസികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയും വേണമെന്നും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നുണ്ടോയെന്നും ജീവനക്കാർ ചുമതലകൾ നിറവേറ്റുന്നുണ്ടോയെന്നും ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

ദേവസ്വത്തിന്റെയും പുരാവസ്തുവകുപ്പിന്റെയും അനുമതിയില്ലാതെ വടക്കുംനാഥ ക്ഷേത്രത്തിൽ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും അനുവദനീയമല്ലെങ്കിലും വിവാഹങ്ങൾക്ക് 720 രൂപ ഫീസ് ചുമത്തി അനുമതി നൽകാറുണ്ടെന്ന് ഓംബുഡ്‌സ്മാന് ദേവസ്വം മാനേജർ മറുപടി നൽകിയിരുന്നു. ദേവസ്വം ചീഫ് വിജിലൻസ്‌ ഓഫീസർ കഴിഞ്ഞ മെയ് പത്തിന് നൽകിയ റിപ്പോർട്ട് ബോർഡിന്റെ പരിഗണനയിലാണെന്നും ദേവസ്വം ബോർഡ് അഭിഭാഷകൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top