26 December Thursday

സുരേന്ദ്രനെതിരെ പടയൊരുക്കം ; ബിജെപിയിൽ കൂട്ടയടി

ദിനേശ്‌ വർമUpdated: Monday Nov 25, 2024


തിരുവനന്തപുരം
പാലക്കാട്ടെ തിരിച്ചടിക്ക്‌ പിന്നാലെ ആഭ്യന്തര പ്രശ്നത്തിൽ ഇളകി മറിഞ്ഞ്‌ ബിജെപി. സി കൃഷ്‌ണകുമാറിനെ ജനം തള്ളുമെന്ന്‌ പാലക്കാട്ടെ ബിജെപി പ്രവർത്തകർ ആവർത്തിച്ച്‌ പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കാത്തതാണ്‌ വൻ പരാജയത്തിന്‌ കാരണമെന്ന്‌ ദേശീയ കൗൺസിൽ അംഗം ശിവരാജൻ മുതൽ പാലക്കാട്ടെ 22 കൗൺസിലർമാർ വരെ ഒരേ സ്വരത്തിൽ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ അടക്കമുള്ളവരാണ്‌ തോൽവിക്ക്‌ ഉത്തരവാദികൾ. ബിജെപിക്ക്‌ ഭൂരിപക്ഷമുള്ള ബൂത്തുകളിലടക്കം ഏറെ പിന്നിൽ പോയത്‌ ദേശീയ നേതൃത്വത്തെയും ഞെട്ടിച്ചു. കടുത്ത പ്രതിസന്ധിക്കിടെ ചൊവ്വാഴ്‌ച കൊച്ചിയിൽ ചേരുന്ന നേതൃയോഗത്തിൽ ഉപതെരഞ്ഞെടുപ്പ്‌ ചർച്ചയാകും. കെ സുരേന്ദ്രന്റെ സ്ഥാനം തെറിച്ചേക്കുമെന്നാണ്‌  സൂചന.

 

അമ്പത്‌ ശതമാനത്തോളം പ്രവർത്തകർ മാറിനിന്ന ഗുരുതര സാഹചര്യം എങ്ങനെയുണ്ടായി എന്നാണ്‌ ശിവരാജൻ, പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവരുടെ ചോദ്യം. കൃഷ്‌ണകുമാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച്‌ സുരേന്ദ്രൻ തെറ്റിദ്ധരിപ്പിക്കുകയാണ്‌. സ്ഥാനാർഥി നർണയത്തിന്‌ മുന്നോടിയായി അഭിപ്രായ ശേഖരണത്തിന് വന്ന കുമ്മനം രാജശേഖരന്റെ മുന്നിൽ വന്ന നിർദേശങ്ങളിൽ ഒന്നാമത്‌ ശോഭ സുരേന്ദ്രനും രണ്ടാമത്‌ കെ സുരേന്ദ്രനുമായിരുന്നു. തോൽവി  കൗൺസിലർമാരുടെ തലയിൽ കെട്ടിവക്കാമെന്ന്‌ കരുതേണ്ട. പരസ്യ പ്രതികരണത്തിന്‌ സുരേന്ദ്രൻ കൽപ്പിച്ച വിലക്കും നേതാക്കൾ തള്ളി. 

അതിനിടെ, തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ്‌ വരെ പുതിയ പരീക്ഷണത്തിന്‌ പോകേണ്ടതില്ലെന്നും മുൻപ്‌ ഇരുന്നവരെ ആരെയെങ്കിലും വീണ്ടും ചുമതല ഏൽപ്പിക്കാനും ദേശീയ നേതൃത്വം  ആലോചിക്കുന്നുണ്ട്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top