തിരുവനന്തപുരം
തൃശൂർപൂരം കലക്കാൻ നേതാക്കൾ ശ്രമിച്ചെന്ന മൊഴിയിൽ കുരുങ്ങി സംഘപരിവാർ. ആർഎസ്‌എസ് നേതാവ് വത്സൻ തില്ലങ്കേരി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്‌ണൻ എന്നിവർക്കെതിരെ ദേവസ്വം ജോ. സെക്രട്ടറി പി ശശിധരനാണ് മൊഴി നൽകിയത്. മൂന്ന് നേതാക്കളും പൂരത്തിൽ തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടുവെന്നാണ് മൊഴി . വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ച യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തെന്ന വിവരവും മൊഴിയിലുണ്ട്. ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാൾ ആവശ്യപ്പെട്ടതുപ്രകാരമാണ് സുരേഷ് ഗോപിയെ ആംബുലൻസിൽ തിരുവമ്പാടി ദേവസ്വം ബോർഡിന്റെ യോഗം നടന്ന സ്ഥലത്തെത്തിച്ചതെന്ന് സേവാഭാരതിയുടെ ഡ്രൈവർ പ്രകാശനും മൊഴി നൽകി. ചർച്ച നടക്കുമ്പോൾ ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാറിനെ സുരേഷ്‌ഗോപി ഫോണിൽ വിളിച്ചുവെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് പ്രസിഡന്റ് സുന്ദർ മേനോനും മൊഴി നൽകിയിട്ടുണ്ട്. പത്ത് മിനിറ്റിനകം തില്ലങ്കേരിക്കും ഗോപാലകൃഷ്‌ണനുമൊപ്പം സുരേഷ് ഗോപി ഓഫീസിലെത്തിയിരുന്നതായും മൊഴിയിലുണ്ട്.
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൂരം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരത്തെ മുതൽ ബിജെപിക്കെതിരെയുണ്ട്. എഡിജിപി എം ആർ അജിത്കുമാർ പൂരം കലക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലും ബിജെപിയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. എഡിജിപി റിപ്പോർട്ട് നൽകിയ ശേഷം സർക്കാർ ഉത്തരവുപ്രകാരം നടക്കുന്ന ത്രിതല അന്വേഷണം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..